2 മണിക്കൂർ 37 മിനിറ്റ് മനസറിഞ്ഞ് ചിരിച്ച് ആസ്വദിക്കാനാവുന്ന പടമാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’.

ചില സിനിമകൾ കാണുമ്പോൾ 'അഹാ കൊള്ളാമല്ലോ' എന്ന് തോന്നും. എന്നാൽ ചില സിനിമകൾ അങ്ങനെയല്ല. അതിൽ നമ്മളെ തന്നെ കണ്ടെത്തും. സിനിമ തുടങ്ങി മുന്നോട്ട് പോകുന്തോറും നമ്മളാണ് അതെന്ന് തോന്നും. നമ്മൾ എപ്പോഴോ പറഞ്ഞ ഡയലോ​ഗുകൾ, ചിരിച്ച മുഹൂർത്തങ്ങൾ, നഷ്ടവും ഏറെ ഇഷ്ടവും ചാലിച്ച പ്രണയം, ജീവിതത്തിൽ ഒരിക്കലും പറയാതെ പോയ കാര്യങ്ങൾ, തിരികെ കിട്ടാത്ത നിമിഷങ്ങൾ.. അങ്ങനെ ജീവിതത്തിന്റെ ഏതോ കോണിൽ കിടന്നിരുന്ന നമ്മുടെ ഓർമകളെ തട്ടിയുണർത്തി മനസിലേക്ക് കൊണ്ടുവരും. അങ്ങനെ ഒരു സിനിമയാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. ഒരു പക്കാ ഫീൽ ​ഗുഡ് ഫാമിലി റോം-കോം ചിത്രം എന്ന് ചുരുക്കി പറയാം.

2 മണിക്കൂർ 37 മിനിറ്റ് മനസറിഞ്ഞ് ചിരിച്ച് ആസ്വദിക്കാനാവുന്ന പടമാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. നായികയെ അവതരിപ്പിച്ച് കൊണ്ടാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തുടങ്ങുന്നത്. പിന്നീട് പ്രേക്ഷകനെ കൊണ്ടുപോകുന്നത് ഒരു യമണ്ടൻ ഫ്ലാഷ് ബാക്കിലേക്കാണ്. ഇവിടെയാണ് ആഷ്ലിയും ജസ്റ്റിനുമുള്ളത്. നമ്മുടെ ചുറ്റുപാടുമെല്ലാം കാണുന്ന സാധാരണക്കാരായ കുടുംബങ്ങളാണ് ഇരുവരുടേതും. അച്ഛനും അമ്മയും ഷോർട് ഫിലിം ഭ്രാന്തനായ അനുജനും അടങ്ങുന്നതാണ് ജസ്റ്റിന്റെ കുടുംബം. അച്ഛനും അമ്മയും സഹോദരനുമാണ് ആഷ്ലിയുടെ ഫാമിലി. ഒരിക്കൽ ആഷ്ലിയും കുടുംബവും ജസ്റ്റിന്റെ അയൽക്കാരായി എത്തുന്നു. കല്യാണപ്രായം കഴിയാറായിട്ടും ഒറ്റത്തടിയായി നടക്കുന്നവനുമായ ജസ്റ്റിനോട് ആഷ്‌ലിയ്ക്ക് ഒരു അടുപ്പവും ഇഷ്ടവും ഒക്കെ തോന്നുന്നു. പിന്നീടെന്തു സംഭവിക്കുന്നു എന്നതാണ് ചിത്രത്തിന്റെ കഥ.

രസകരമായ മുഹൂർത്തങ്ങളുമായി മുന്നോട്ട് പോകുന്ന ഫസ്റ്റ് ഹാഷ് ആദ്യാവസാനം വരെ ഫൺ എലമെന്റുകളാൽ മുഖരിതമായിരുന്നു. എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട, ഏച്ചുകെട്ടലുകളിൽ ഇല്ലാത്ത തമാശകൾ. നിവിനും സംഗീതും റോഷൻ ഷാനവാസും, ഷമീർ ഖാനും, സുരേഷ് കൃഷ്ണയും ഉൾപ്പടെ എല്ലാവരും വാ തുറന്നാൽ തന്നെ ചിരിപ്പിക്കുകയാണ്. ജെൻസികളേയും ഫാമിലിയേയും ഒരുമിച്ച് എന്റർടെയ്ൻ ചെയ്യിക്കുന്നത് തന്നെ വലിയൊരു കാര്യമാണ്. അതിൽ 100 ശതമാനം നീതിപുലർത്താൻ ​ഗിരീഷ് എഡിയ്ക്ക് സാധിച്ചിട്ടുണ്ട്.

ചിത്രത്തിലെ പ്രധാന യുഎസ്പി കാസ്റ്റിം​ഗ് ആണ്. നമ്മുടെ ലൈഫിൽ ഒക്കെ റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളാണ് എല്ലാം. അതിന് പറ്റിയ കാസ്റ്റിം​ഗ് തന്നെ ടീം നടത്തിയിട്ടുണ്ട് എന്നത് പ്രശംസനീയമാണ്. റൊമാന്റിക് കോമഡി ജോണർ തന്റെ ടെറിറ്ററി ആണ് എന്ന് ഊട്ടി ഉറപ്പിക്കുന്ന പെർഫോമൻസായിരുന്നു നിവിന്റേത്. താരത്തിന്റെ ചെറിയ എക്സ്പ്രഷൻസ് പോലും പ്രേക്ഷകന്റെ മനസിൽ അത്രയേറെ കടന്നുകൂടിയിട്ടുണ്ട്. നിവിനെ മലയാളികൾക്ക് കാണാൻ ഇഷ്ടമുള്ള ആ ഒരു എനർജിയിൽ തന്നെ കിട്ടിയിട്ടുണ്ട്. അത് പടത്തിന് ചെറുതല്ലാത്ത പോസിറ്റീവ് ഫീൽ തന്നെ നൽകി. അതിന്റെ കൂടെ നല്ലൊരു ഫീൽ ഗുഡ് തിരക്കഥ കൂടി ആയപ്പോൾ പിന്നെ പറയണ്ടല്ലോ പൂരം.

അതുപോലെ മമിതയും ​ഗംഭീര പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. വല്ലാത്തൊരു ഇഷ്ടം ആ കഥാപാത്രത്തോട് തോന്നും. നിവിൻ- മമിത നല്ല കോമ്പോ ആണെന്ന് സിനിമ ഊട്ടി ഉറപ്പിച്ചിട്ടുണ്ട്. ഇരുവരുടേയും കെമിസ്ട്രി എടുത്തു പറയേണ്ടുന്നൊരു ഘടകമാണ്. ഫസ്റ്റ് ഹാഫും സെക്കന്റ്‌ ഹാഫും ഒരേ പോലെ പ്രേക്ഷകനെ പിടിച്ചിരുത്തുമെന്ന് ഉറപ്പാണ്. കോമഡികൾ ഏറെ വർക്ഔട്ട് ആക്കി എടുത്ത ഫസ്റ്റ് ഹാഫിന്റെ അത്ര തന്നെ, ഇമോഷൻസ് ഡീൽ ചെയ്യുന്ന സെക്കന്റ്‌ ഹാഫും കൈകാര്യം ചെയ്യുന്നു. ആ ഗ്രാഫ് താഴാതിരിക്കാൻ ഗിരീഷ് ശ്രമിച്ചിട്ടുമുണ്ട്. ചിത്രത്തിലെ സംഗീതം സിനിമയുടെ നിലവാരം അല്പം കൂടി ഉയർത്തിയിട്ടുണ്ട്. വിഷ്ണു വിജയ് ഒരുക്കിയ പാട്ടുകളും പശ്ചാത്തല സംഗീതവും എല്ലാം ഒന്നിനൊന്നു മികച്ചതും സിനിമയുടെ ടോട്ടൽ മൂഡിന് കൂടുതൽ ഊർജ്ജം നൽകുന്നതുമായിരുന്നു. അജ്മൽ സാബു ഒരുക്കിയ ദൃശ്യങ്ങളും മികച്ചതാണ്.

ഗിരീഷ് എഡി തന്റെ സിനിമകളിൽ ക്രീയേറ്റ് ചെയ്യുന്ന ഒരു സ്ലൈസ് ഓഫ് ലൈഫ് ഉണ്ട്. അതിലേക്ക് പ്രേക്ഷകനെ ഇൻ ആക്കുക എന്ന് പറയുന്നത് അദ്ദേഹത്തിന്റെ കംഫർട്ട് സോണ്‍ ആണ്. അതിന് യാതൊരുവിധ കോട്ടവും തട്ടാതെ തന്നെ ​‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലും പ്രാവർത്തികമാക്കിയിട്ടുണ്ട്. ആകെ മൊത്തത്തിൽ ആലങ്കാരികമായി പറയുന്നത് പോലെ ‘ഒരു നല്ല ഓണസദ്യ പായസവും കൂട്ടി കഴിച്ചൊരു ഫീൽ’ ആണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming