ഓണം റിലീസ് ആയെത്തിയ ചിത്രം പ്രതീക്ഷ കാത്തുവെന്നാണ് പ്രേക്ഷകർ പറയുന്നത്.
ഓണക്കാലത്ത് രസകരമായ ഒരു സിനിമ കാണണമെന്ന് ഓരോ കുടുംബ പ്രേക്ഷകനും ആഗ്രഹിക്കുന്ന ഒന്നാണ്. അത്തരത്തിൽ പ്രേക്ഷകർക്ക് കുടുംബസമേതം ആസ്വദിച്ച് കാണവുന്ന ഒരു ചിത്രമെന്ന റിപ്പോർട്ട് ലഭിച്ച് നിവിൻ പോളി നായകനായ രാമചന്ദ്ര ബോസ്സ് & കോ തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. മനം നിറയ്ക്കുന്ന ചിരികളും അതോടൊപ്പം ത്രില്ലും കൊണ്ട് സമ്പന്നമായ ഒരു കൊളളയുടെയും കൊള്ളക്കാരൻ്റെയും കഥയാണ് ചിത്രം പറയുന്നത്. സിനിമ നിവിൻ പോളി എന്ന നടന്റെ വൺമാൻ ഷോ ആണെന്നും കോമഡി ഫാമിലി എന്റർടെയ്നർ കൂടിയാണ് ചിത്രമെന്നും ഇവർ പറയുന്നു. സിനിമയുടെ വിജയത്തിൽ കേക്ക് മുറിച്ച് സന്തോഷം പങ്കുവയ്ക്കുക ആണ് നിവിൻ പോളിയും സംഘവും ഇപ്പോൾ.
കൊച്ചി സരിത തിറ്ററിൽ വച്ചായിരുന്നു ആഘോഷം. തിയറ്ററിൽ എത്തിയ നിവിൻ പോളിയെ വൻ ആരാധക കൂട്ടം ആണ് സ്വാഗതം ചെയ്തത്. ശേഷം കേക്ക് മുറിച്ച് താരം മധുരം പങ്കിടുകയും ചെയ്തു. അതേസമയം, സിനിമ നല്ലതാണെങ്കിൽ ഡീഗ്രേഡിംഗ് ഒന്നും പ്രശ്നമേയല്ലെന്ന് നിവിൻ പറഞ്ഞു. ഡീഗ്രേഡിങ്ങിനെ എങ്ങനെ നോക്കി കാണുന്നു എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുക ആയിരുന്നു താരം.
"പുതിയ സിനിമകൾ ഇറങ്ങുമ്പോൾ ഡീഗ്രേഡിംഗ് ഒക്കെ സ്വാഭാവികമാണ്. പക്ഷേ സിനിമ നല്ലതാണെങ്കിൽ അതെല്ലാം അതിജീവിച്ച് മുന്നോട്ട് പോകുക തന്നെ ചെയ്യും. അതൊന്നും ഒരു പ്രശ്നമേയല്ല. സിനിമ നന്നാകട്ടെ. എല്ലാ സിനിമകളും ഓടട്ടെ. എല്ലാവരും വളരെ കഷ്ടപ്പെട്ട് എടുക്കുന്നതാണ് സിനിമകൾ. മനഃപൂർവമായ ഡീഗ്രേഡിംഗ് ഒഴിവാക്കണം. സിനിമയ്ക്ക് പിന്നിലെ എഫേർട്ടിനെ എല്ലാവരും മാനിക്കേണ്ടതുണ്ട്", എന്നാണ് നിവിൻ പോളി പറഞ്ഞത്.
മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിച്ചിരിക്കുന്നത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എല്ലാ അഭിനേതാക്കളും തങ്ങളുടെ ഭാഗങ്ങൾ അതിമനോഹരമായി തന്നെ അവതരിപ്പിച്ചുവെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
ഉറക്കമൊഴിച്ച് കഷ്ടപ്പെട്ട് അഭിനയിച്ചാലും ഡിപ്രഷന്‍ സ്റ്റാറെന്ന വിളി, വിഷമം തോന്നും: ഷെയ്ൻ നിഗം
