Nivin Pauly : നിവിന്‍ പോളി ഇനി 'ശേഖരവര്‍മ്മ രാജാവ്'; 'ഇഷ്‍കി'നു ശേഷം അനുരാജ് മനോഹര്‍
പോളി ജൂനിയര്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ നിര്‍മ്മാണം

നായകനും നിര്‍മ്മാതാവുമാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് നിവിന്‍ പോളി (Nivin Pauly). പോളി ജൂനിയര്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ നിവിന്‍ പോളി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ പേര് 'ശേഖര വര്‍മ്മ രാജാവ്' (Shekhara Varma Rajavu) എന്നാണ്. അനുരാജ് മനോഹര്‍ (Anuraj Manohar) ആണ് സംവിധായകന്‍. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് പ്രോജക്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു ഭിത്തിയില്‍ ചോക്ക് കൊണ്ട് വരച്ചിരിക്കുന്ന രീതിയിലാണ് പോസ്റ്റര്‍. ചെസ്സിലെ കിംഗ് ആണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. എസ് രഞ്ജിത്ത് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. ഷെയ്‍ന്‍ നിഗം, ആന്‍ ശീതള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്‍ത 'ഇഷ്‍ക്' (2019) എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അനുരാജ് മനോഹര്‍. പ്രേക്ഷകസ്വീകാര്യത നേടിയ ഇഷ്‍കിനു ശേഷം അനുരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
നടനായും നിര്‍മ്മാതാവായും നിവിന്‍ പോളി അവസാനമെത്തിയ ചിത്രം രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്‍റെ 'കനകം കാമിനി കലഹം' ആയിരുന്നു. ഒടിടി റിലീസ് ആയി എത്തിയ ഈ ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നു. അതേസമയം നിരവധി ചിത്രങ്ങളാണ് നിവിന്‍ പോളിയുടേതായി പുറത്തെത്താനുള്ളത്. രാജീവ് രവിയുടെ തുറമുഖമാണ് അടുത്തതായി എത്തുന്ന നിവിന്‍ പോളി ചിത്രം. ക്രിസ്‍മസ് റിലീസ് ആണ് ഇത്, എബ്രിഡ് ഷൈനിന്‍റെ മഹാവീര്യര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. നവാഗതനായ ലിജു കൃഷ്‍ണയുടെ പടവെട്ട്, വിനയ് ഗോവിന്ദിന്‍റെ താരം, നവാഗതനായ രാജേഷ് രവിയുടെ ബിസ്‍മി സ്പെഷല്‍, നവാഗതനായ റോണി മാനുവല്‍ ജോസഫിന്‍റെ ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട മറ്റു ചിത്രങ്ങള്‍.