ഗോള്‍ഡൻ വിസ സ്വീകരിച്ച് നിവിൻ പോളി.

മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളായ നിവിൻ പോളിക്കും (Nivin Pauly) യുഎഇയുടെ ഗോള്‍ഡൻ വീസ (Golden Visa). ഗോള്‍ഡൻ വീസ സ്വീകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് നിവിൻ പോളി പറഞ്ഞു. ഗോള്‍ഡൻ വീസ സ്വീകരിക്കുന്നതിന്റെ ഫോട്ടോയും നിവിൻ പോളി ഷെയര്‍ ചെയ്‍തിട്ടുണ്ട്. യുഎഇ വ്യവസായി യൂസഫ് അലിയെയും ഫോട്ടോയില്‍ നിവിൻ പോളിക്കൊപ്പം കാണാം.

നിവിൻ പോളി ഫോട്ടോയില്‍, മുടിയും താടിയും നീട്ടി വളര്‍ത്തിയ ലുക്കിലാണ് ഉള്ളത്. റാമിന്റെ പുതിയ ചിത്രത്തില്‍ നിവിൻ പോളി ഇങ്ങനെയുള്ള ലുക്കിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. നിവിൻ പോളി നായകനാകുന്ന ചിത്രം ധനുഷ്‍കോടിയിലാണ് ഷൂട്ട് ചെയ്യുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ അഞ്‍ജലിയാണ് നായികയായി എത്തുന്നത്.

നിവിൻ പോളി ചിത്രം നിര്‍മിക്കുന്നത് സൂരേഷ് കാമാച്ചിയാണ്. വി ഫോര്‍ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. സൂരിയും നിവിൻ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. മലയാളത്തിലും തമിഴിലും ആയിട്ടായിരിക്കും ചിത്രം എത്തുക. 

മമ്മൂട്ടി നായകനായ ചിത്രം പേരൻപിലൂടെ മലയാളികളുടെ പ്രിയം സ്വന്തമാക്കിയ സംവിധായകനാണ് റാം. അതുകൊണ്ടുതന്നെ റാമിന്റെ ചിത്രത്തിനായി മലയാളികള്‍ കാത്തിരിക്കുകയാണ്. തമിഴ്‍നാട് പ്രേക്ഷകരുടെയും പ്രിയങ്കരനായ താരമാണ് നിവിൻ പോളിയും. നിവിൻ പോളിക്ക് ചിത്രത്തില്‍ മികച്ച കഥാപാത്രമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.