മമ്മൂട്ടിയുടെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു പേരൻപ്. റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. റാം തന്നെയായിരുന്നു സിനിമയുടെ തിരക്കഥയും രചിച്ചത്. റാം സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ നിവിൻ പോളി നായകനായേക്കുമെന്നാണ് പുതിയ വാര്‍ത്ത. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. നിവിൻ പോളിയുമായി റാം ചര്‍ച്ച നടത്തിയെന്നും താരം താല്‍പര്യം പ്രകടിപ്പിച്ചുവെന്നും ഇന്ത്യ ടുഡെയുടെ വാര്‍ത്തയിലാണ് പറയുന്നത്.

നിവിൻ പോളിയെ കണ്ട് റാം സിനിമയുടെ കഥ ചര്‍ച്ച ചെയ്‍തു. കഥ ഇഷ്‍ടപ്പെട്ട നിവിൻ പോളി സിനിമയുടെ ഭാഗമാകാൻ സമ്മതിച്ചുവെന്നുമാണ് വാര്‍ത്ത. സിനിമയുടെ ഭൂരിഭാഗവും ചെന്നൈയിലായിരിക്കും ചിത്രീകരിക്കുക. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങും. എപ്പോഴായിരിക്കും സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം എപ്പോഴായിരിക്കും എന്ന് വ്യക്തമല്ല.സാമൂഹ്യസന്ദേശമുള്ള ഒരു ചിത്രമായിരിക്കും ഇത്.

സിനിമയിലെ മറ്റ് താരങ്ങളുടെ കാര്യവും വ്യക്തമല്ല.

എന്തായാലും റാമിന്റെ സംവിധാനത്തില്‍ ഒരു സിനിമ എത്തുമ്പോള്‍ അത് മികച്ചതായിരിക്കും എന്നുതന്നെയാണ് പ്രതീക്ഷ.