പിറന്നാള്‍ ദിനത്തില്‍ പുതിയ സിനിമ പ്രഖ്യാപിച്ച് നിവിന്‍ പോളി. 'കനകം കാമിനി കലഹം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പോളി ജൂനിയര്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ്. 'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25' എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ് സംവിധാനം. ബാക്കിയുള്ള കാസ്റ്റ് ആന്‍ഡ് ക്രൂ സംബന്ധിച്ച വിവരങ്ങള്‍ തുടര്‍ ദിവസങ്ങളില്‍ പുറത്തുവരും. വൈകാതെ ചിത്രീകരണവും ആരംഭിക്കും.

രാജീവ് രവിയുടെ തുറമുഖവും ലിജു കൃഷ്ണയുടെ പടവെട്ടുമാണ് നിവിന്‍റേതായി പുറത്തുവരാനിരിക്കുന്ന ശ്രദ്ധേയ സിനിമകള്‍. 1950ളില്‍ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റം പശ്ചാത്തലമാക്കുന്ന സിനിമയാണ് തുറമുഖം. അതേസമയം പടവെട്ടിന്‍റെ കഥാപശ്ചാത്തലത്തെക്കുറിച്ച് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്‍റെ ആദ്യചിത്രമാണ് ഇത്.