നിവിൻ പോളിയെ പ്രധാന കഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. മാസ് ലുക്കിലുള്ള നിവിൻ പോളിയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള ‌പോസ്റ്റർ വ്യത്യസ്തമാകുകയാണ്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട് ആണ് ചിത്രം നിര്‍മിക്കുന്നത്. ​ഗോപൻ ചിദംബരത്തിന്റെേതാണ് തിരകഥ.

തന്റെ ഫേസ്ബുക്ക് പേജിലൂടെ നിവിൻ പോളിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. നിവിൻ പോളിയ്ക്ക് പുറമെ ബിജു മേനോൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ദുൽഖർ സൽമാനെ നായകനാക്കി ഒരുക്കിയ ‘കമ്മട്ടിപ്പാടം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുറമുഖം’. വൈറസിന് ശേഷം പൂര്‍ണിമ ഇന്ദ്രജിത്തും ഇന്ദ്രജിത്തും ചിത്രത്തിൽ ഒന്നിക്കുകയാണ്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോൻ ആയിരുന്നു നിവിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.