ഓർത്തോർത്ത് ചിരിക്കാനുള്ള ഒരുപിടി വേഷങ്ങൾ ബാക്കി വച്ചായിരുന്നു ആ അപ്രതീക്ഷിത മടക്കം.

മലയാളിയുടെ ചിരിക്ക് നൂറഴക് നൽകിയ കൽപ്പന വിട വാങ്ങിയിട്ട് ഒരുപതിറ്റാണ്ട് പൂർത്തിയാകുന്നു. ഓർത്തോർത്ത് ചിരിക്കാനുള്ള ഒരുപിടി വേഷങ്ങൾ ബാക്കി വച്ചായിരുന്നു ആ അപ്രതീക്ഷിത മടക്കം.

ഒരു വലിയ പൊട്ടിച്ചിരിയായിരുന്നു കൽപ്പന. ആരെടാ എന്ന ചോദ്യത്തിന് ഞാനെടാ. എന്ന് എക്കാലത്തും ആരോടും മറുപടി പറയാൻ മടികാണിക്കാത്ത പ്രകൃതം. ജീവിതത്തിലും സിനിമയിലും തന്റെ ബോധ്യങ്ങൾ വിട്ടൊന്നിനും കൽപ്പന തയാറായിരുന്നില്ല. ചിരിവേഷങ്ങളിൽ മാത്രമായിരുന്നില്ല. കൈവന്ന എല്ലാ കഥാപാത്രങ്ങളിലും ഉശിരൻ പ്രകടനങ്ങളോടെ തന്റെതായ ഒരു കയ്യൊപ്പ് ചാർത്തിയ നടി. ജീവിതത്തിൽ തനിലേക്ക് വന്നുചേർന്നതെല്ലാം ഒരു ബോണസായി മാത്രം കണ്ട താരം.

1977ല്‍ പി. സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്‍ത 'വിടരുന്ന മൊട്ടുകള്‍' എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം. 82ല്‍ ശിവന്‍ ഒരുക്കിയ 'യാഗം' എന്ന ചിത്രത്തിലൂടെ നായികയായി. 'പോക്കുവെയില്‍'ലെ നായിക വേഷം ശ്രദ്ധേയം. 84ല്‍ കെ.ജി ജോര്‍ജ് ഒരുക്കിയ 'പഞ്ചവടിപ്പാല'ത്തിലൂടെ ഹാസ്യവേഷങ്ങളാണ് തന്റെ തട്ടകമെന്ന തിരിച്ചറിവ്.

പിന്നീട് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ഡോ. പശുപതി, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, കൗതുകവാര്‍ത്ത, കാവടിയാട്ടം, ബാംഗ്ലൂര്‍ ഡെയ്‌സ്, കേരള കഫേ, ദി ഡോള്‍ഫിന്‍സ്, ചാർളി അങ്ങനെ എണ്ണം പറഞ്ഞ വേഷങ്ങളിൽ കൽപ്പന തിളങ്ങി.

85 ല്‍ 'ചിന്നവീട്' എന്ന ചിത്രത്തിൽ നായികയായായി തന്നെ തമിഴിലും അരങ്ങേറ്റം. മലയാളത്തിലും തെലുങ്കിലും തമിഴിലും കന്നഡയിലുമായി മുന്നൂറോളം സിനിമകൾ. 'തനിച്ചല്ല ഞാന്‍' എന്ന സിനിമയിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം. 2011 മുതലുള്ള 5 വര്‍ഷങ്ങളിൽ ലഭിച്ച വേഷങ്ങളിൽ ചിരി മാറ്റിവച്ച്, കാണുന്നവരുടെ ഉള്ളിലൊരു നീറ്റലായി മാറിയ ഒരുപിടി വേഷങ്ങൾ. അക്കൂട്ടത്തിൽ രണ്ടേ രണ്ടു സീനില്‍ മാത്രമെത്തി ഉള്ളുലച്ചൊരു കഥാപാത്രമായി ചാര്‍ലിയിലെ ക്വീന്‍ മേരി. കടലിന്റെ ആഴങ്ങളിലേക്ക് ഒന്നും മിണ്ടാതെ മേരി മറഞ്ഞ പോലെ അറം പറ്റിയ കണക്കെ കൽപ്പനയും പോയി.

സിനിമയിലും ജീവിതത്തിലും പ്രിയപ്പെട്ടവരെ ഒരുപാട് ചിരിപ്പിച്ച ശേഷം ഒടുവിൽ കരയിപ്പിച്ച് മടക്കം. ചെയ്തുവച്ച വേഷങ്ങളിലൂടെ കാലം മായ്ക്കാത്തൊരു കൽപ്പന പോലെ ആ ഓർമ്മകൾ നമുക്കൊപ്പം തുടരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക