ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍റെ പുതിയ ചിത്രം

കുഞ്ചാക്കോ ബോബനെ (Kunchacko Boban) നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ (Nna Thaan Case Kodu) എന്ന ചിത്രത്തിന്റെ റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം ഓഗസ്റ്റ് 12ന് എത്തുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ റിലീസ് തീയതിയില്‍ ഒരു ചെറിയ മാറ്റം വരുത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. മുന്‍പ് പ്രഖ്യാപിച്ചിരുന്നതിലും ഒരു ദിവസം നേരത്തെ, അതായത് ഓഗസ്റ്റ് 11ന് ചിത്രം പ്രേക്ഷകര്‍ക്കു മുന്നിലെത്തും.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ബോളിവുഡ് ചിത്രം ഷെര്‍ണിയുടെ ഛായാഗ്രഹണം മലയാളിയായ ഇദ്ദേഹമായിരുന്നു. 

ജ്യോതിഷ് ശങ്കര്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. സൂപ്പര്‍ ഡീലക്സ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ തമിഴ് താരം ഗായത്രി ശങ്കര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗായത്രിയുടെ ആദ്യ മലയാള ചിത്രമാണിത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലും കനകം കാമിനി കലഹത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനാണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നു. കൊഴുമ്മൽ രാജീവൻ അഥവാ അംബാസ് രാജീവൻ എന്നാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ALSO READ : വിജയ് സേതുപതി, നിത്യ മേനന്‍, ഇന്ദ്രജിത്ത്; '19 വണ്‍ എ' ടീസര്‍