തിരുവനന്തപുരം: ഷെയ്ൻ നിഗത്തെ കരാർ ലംഘനത്തിന്‍റെ പേരിൽ വിലക്കുന്നത് അസംബന്ധമാണെന്ന് സംവിധായികയും അഭിനേത്രിയുമായ ഗീതു മോഹൻദാസ്. ഷെയ്ൻ കുറച്ചുകൂടി പ്രൊഫഷണലായി സ്വന്തം ജോലിയെ കാണേണ്ടതുണ്ട്. എന്നാൽ അൺപ്രൊഫഷണലായാണ് ഷെയ്ൻ പെരുമാറിയതെങ്കിൽ അതിനെ നേരിടാൻ നിയമപരമായ വഴികളുണ്ടെന്നും, ഇൻഡസ്ട്രിയിൽ നിന്ന് തന്നെ പുറത്താക്കുമെന്ന നയമല്ല സ്വീകരിക്കേണ്ടതെന്നും ഗീതു വ്യക്തമാക്കി. 

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'മൂത്തോൻ' കേരളത്തിന്‍റെ തിരശ്ശീലയിലുണ്ടായ ജെൻഡർ വർത്തമാനങ്ങളിലെ ഏറ്റവും പുതിയ ഭാഷ്യമാണ്. മൂന്ന് സ്ക്രീനിംഗുകളുണ്ട് മൂത്തോന് ഇത്തവണ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ.

മൂത്തോനെക്കുറിച്ചും, ഷെയ്ൻ നിഗത്തിനെതിരായ വിലക്കിനെയും കുറിച്ച് ഗീതു മോഹൻദാസ് ഞങ്ങളുടെ പ്രതിനിധി ഏയ്ഞ്ചൽ മേരിയുമായി സംസാരിക്കുന്നു:

ചോദ്യം: വ്യത്യസ്തമായ പ്രമേയം, മലയാളികൾ ഇതുവരെ ചർച്ച ചെയ്തിട്ടില്ലാത്തത്, മൂത്തോൻ ഐഎഫ്എഫ്കെയിലെത്തുമ്പോൾ?

മൂത്തോന് എവിടെ ഒരു സ്ക്രീൻ കിട്ടിയാലും എനിക്ക് സന്തോഷമാണ്. മൂന്ന് സ്ക്രീനിംഗാണ് മൂത്തോനുള്ളത്. ഇന്നലെ നടന്ന ആദ്യ സ്ക്രീനിംഗ് ഹൗസ് ഫുള്ളായിരുന്നു. വലിയ സന്തോഷമുണ്ട്. Extremely happy.

ചോദ്യം: മൂത്തോന്‍റെ പ്രമേയം സ്വീകരിക്കപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നോ?

ഇല്ല. അത്തരത്തിൽ പേടിക്കാൻ പോയാൽ നമുക്ക് പറയാനുള്ള കഥകൾ നമ്മളൊരിക്കലും പറയില്ല. ഉള്ളടക്കം നയിക്കുന്ന അത്തരം കഥകൾ കൂടുതൽ വരണം. ആളുകൾ കഥ പറയാൻ ഭയക്കരുത്. ജനങ്ങളുടെ ബുദ്ധിയെ ഒരിക്കലും നമ്മൾ കുറച്ചുകാണുകയുമരുത്. അവർക്ക് ഇത് കാണാൻ കഴിയുമോ? അവർ സ്വീകരിക്കുമോ എന്ന് ആലോചിക്കേണ്ട. നമ്മൾ നമുക്ക് പറയാനുള്ള കഥ പറയുക. നമ്മുടെ കാഴ്ചക്കാരെ നമുക്ക് കിട്ടും.

ചോദ്യം: ചലച്ചിത്രമേളയിൽ വേദി വേണമെന്നാവശ്യപ്പെട്ട് സനൽകുമാർ ശശിധരൻ അടക്കമുള്ള സംവിധായകർ കാഴ്ച പോലുള്ള ചലച്ചിത്രോത്സവങ്ങൾ നടത്തിയിരുന്നു. അവരുടെ ആവശ്യങ്ങളോടൊപ്പമാണോ?

തീർച്ചയായും. അവരുടെ ആവശ്യങ്ങൾക്കൊപ്പം ചേർന്നു നിൽക്കുന്നു. നമ്മളെല്ലാവരും സ്വതന്ത്രസംവിധായകരാണ്. ഒരു സിനിമയ്ക്ക് ഫണ്ട് കിട്ടാൻ, സാമ്പത്തികസഹായം കിട്ടാൻ ബുദ്ധിമുട്ടുന്നവരാണ്. ഇവിടെ ഒരു വേദി കിട്ടുക എന്നത് തീർത്തും പ്രധാനമാണ്. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ നിരവധി പുരസ്കാരങ്ങൾ കിട്ടിയിട്ടും ‍ഞങ്ങളുടെ സ്വന്തം നാട്ടിൽ വേദി കിട്ടിയില്ലെങ്കിൽ പിന്നെന്താണ്? അന്താരാഷ്ട്ര വേദികളിൽ അംഗീകാരം കിട്ടുന്ന സിനിമകൾക്ക് തീർച്ചയായും കേരളത്തിന്‍റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും വേദി ഉറപ്പാക്കേണ്ടതാണ്. മുൻതൂക്കം കൊടുക്കേണ്ടതാണ്. ചോല ഇല്ല ഇത്തവണ. എന്തുകൊണ്ട്? അതാണ് സനൽ ചോദിക്കുന്നത്. നിരവധിപ്പേരും അതേ ചോദ്യം ആവർത്തിക്കുന്നു.

ഇതിൽ സുതാര്യതയുടെ വിഷയം കൂടിയുണ്ട്. എങ്ങനെയാണ് ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെടുന്നതെന്നും, ആരാണ് ജൂറി അംഗങ്ങളെന്നും, അവരുടെ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ഏതെന്നും ഞങ്ങളെയും കൂടി അറിയിക്കേണ്ടതാണ്. 

ചോദ്യം: ഷെയ്ൻ നിഗത്തിന് എതിരെയുള്ള വിവാദങ്ങൾ വരുന്നു. അതിൽ പരിഹാരമില്ലാതെ നീളുകയും ചെയ്യുന്നു. എന്താണതിൽ പറയാനുള്ളത്?

എനിക്ക് രണ്ട് ഭാഗവും കൃത്യമായി അറിയില്ല. ആരെന്ത് ചെയ്തു എന്ന് വിശദമായി അന്വേഷിച്ചിട്ടുമില്ല. എന്തായാലും ഒരു പരിഹാരം എന്ന രീതിയിൽ ഒരാളെ വിലക്കുക എന്നത് അസംബന്ധമാണ്. അത് പാടില്ലാത്തതാണ്. മാത്രമല്ല, ഷെയ്ൻ അൽപം കൂടി പ്രൊഫഷണലാകേണ്ടതുണ്ട്. 

അൺപ്രൊഫഷണലായാണ് ഷെയ്ൻ പെരുമാറിയതെങ്കിൽ അതിന് നിയമപരമായും മറ്റും അതിനെതിരെ നടപടിയെടുക്കാമല്ലോ. അതിന് പകരം, നിങ്ങളെ ഈ ഇൻഡസ്ട്രിയിൽ നിന്ന് തന്നെ ചവിട്ടിപ്പുറത്താക്കും എന്ന വാദമല്ല വേണ്ടത്. അത് പാടില്ല.