Asianet News Malayalam

'ഒടിടിയിലേക്ക് ഇല്ല'; 'പത്തൊമ്പതാം നൂറ്റാണ്ട്' എത്ര കാത്തിരിക്കേണ്ടിവന്നാലും തിയറ്ററുകളിലെന്ന് വിനയന്‍

പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകന്‍

no ott release for pathonpathaam noottandu says vinayan
Author
Thiruvananthapuram, First Published Jun 27, 2021, 6:35 PM IST
  • Facebook
  • Twitter
  • Whatsapp

താന്‍ പുതുതായി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പത്താമ്പതാം നൂറ്റാണ്ട് എത്ര കാത്തിരിക്കേണ്ടിവന്നാലും തിയറ്ററുകളിലേ റിലീസ് ചെയ്യൂവെന്ന് വിനയന്‍. ചിത്രത്തിന്‍റെ എഡിറ്റിംഗ് ജോലികള്‍ ആരംഭിച്ചെന്നും ക്ലൈമാക്സ് ഷൂട്ട് ഇനിയും അവശേഷിക്കുന്നുവെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിനയന്‍ പറയുന്നു

'പത്തൊൻപതാം നൂറ്റാണ്ട്' എഡിറ്റിംഗ് ജോലികൾ ആരംഭിച്ചു. വിവേക് ഹർഷനാണ് എഡിറ്റർ. കൊവിഡ് തീവ്രത കുറഞ്ഞതിനു ശേഷം ക്ലൈമാക്സ് ഇനിയും ഷൂട്ടുചെയ്യേണ്ടതായിട്ടുണ്ട്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ ചെലവിൽ ആസ്വദിക്കാൻ പറ്റുന്ന വിനോദമാണ് സിനിമ. വർണ്ണാഭമായ ദൃശ്യങ്ങളുടെയും അതിശയിപ്പിക്കുന്ന ശബ്ദവിന്യാസത്തിന്‍റെയും വിസ്‍മയക്കാഴ്ചയായ സിനിമ നല്ല തിയറ്ററുകളിലെ സാങ്കേതിക സൗകര്യത്തോടു കൂടി കണ്ടാലേ അതിന്‍റെ പൂർണ്ണ ആസ്വാദനത്തിലെത്തൂ. ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന സിനിമകൾ  ഫോണിന്‍റെ സ്ക്രീനിൽ കണ്ടു തൃപ്തിയടയുന്നവരും ഉണ്ടല്ലോ? ഉള്ളതുകണ്ട് ഉള്ളപോലെ തൃപ്തിയാവുക എന്ന അവസ്ഥയെന്നേ അതിനെക്കുറിച്ച് പറയാനാകൂ. അതുകൊണ്ടു തന്നെ നൂറുകണക്കിനു ജൂനിയർ ആർട്ടിസ്റ്റുകളും നിരവധി ആക്ഷൻ സ്വീക്വൻസുകളും ഒക്കെയുള്ള പത്തൊൻപതാം നൂറ്റാണ്ട് എത്ര കാത്തിരുന്നാലും ശരി തിയറ്ററുകളിൽ മാത്രമേ റിലീസി ചെയ്യൂ എന്ന തീരുമാനമാണ് ഞങ്ങൾ  എടുത്തിരിക്കുന്നത്. വലിയ താരപദവിയും ജനകീയമായ അംഗീകാരവുമൊക്കെ സിനിമക്കാർ നേടിയെടുത്തതിൽ തിയറ്ററുകളിലെ ആരവങ്ങൾക്ക് വലിയ പങ്കുണ്ടായിരുന്നു എന്ന കാര്യം സിനിമാക്കാരെങ്കിലും മറക്കരുത് എന്നാണ് എന്‍റെ അഭിപ്രായം.

 

പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകന്‍. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരെയാണ് സിജു വിത്സണ്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കയാദു ലോഹര്‍ ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നങ്ങേലിയായാണ് കയാദു സ്ക്രീനില്‍ എത്തുക. ചിത്രം നിര്‍മ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ്. വന്‍ താരനിര അണിനിരക്കുന്ന ചിത്രവുമാണിത്. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങിയവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുമെന്ന് വിനയന്‍ നേരത്തെ അറിയിച്ചിരുന്നു. എം ജയചന്ദ്രനും റഫീഖ് അഹമ്മദും ചേര്‍ന്നൊരുക്കുന്ന നാല് ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ഛായാഗ്രഹണം ഷാജികുമാര്‍, കലാസംവിധാനം അജയന്‍ ചാലിശ്ശേരി.

Follow Us:
Download App:
  • android
  • ios