ഏറ്റവും പുതിയ ജെയിംസ് ബോണ്ട് ചിത്രം 'നോ ടൈം ടു ഡൈ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ട്വിറ്ററിലൂടെയാണ് നിര്‍മ്മാതാക്കള്‍ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടത്. ഓഗസ്റ്റ് 20നാണ് ഒരു ടീസര്‍ വീഡിയോയിലൂടെ ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കപ്പെട്ടത്. 

ജെയിംസ് ബോണ്ട് സിരീസിലെ 25-ാം ചിത്രമായിരിക്കും 'നോ ടൈം ടു ഡൈ'. ഡാനിയല്‍ ക്രെയ്ഗിന്റെ അഞ്ചാം ബോണ്ട് ചിത്രവും. 2006ല്‍ പുറത്തെത്തിയ കാസിനോ റോയല്‍ ആയിരുന്നു ക്രെയ്ഗിന്റെ ആദ്യ ബോണ്ട് ചിത്രം. പിന്നീട് ക്വാണ്ടം ഓഫ് സൊളേസ് (2008), സ്‌കൈഫാള്‍ (2012), സ്‌പെക്റ്റര്‍ (2015) എന്നീ ചിത്രങ്ങളിലും അദ്ദേഹം സീക്രട്ട് ഏജന്റ് ആയി വേഷമിട്ടു. 'നൊ ടൈം ടു ഡൈ' തന്റെ അവസാന ബോണ്ട് ചിത്രമായിരിക്കുമെന്ന് അദ്ദേഹം ഇതിനകം പ്രഖ്യാപിച്ചിട്ടുള്ളതാണ്.

കാരി ജോജി ഫുക്കുനാഗയാണ് ചിത്രത്തിന്റെ സംവിധാനം. ക്രിസ്റ്റോഫ് വാള്‍ട്ട്‌സ്, റമി മാലിക്, അന ഡെ അര്‍മാസ്, ലഷാന ലിഞ്ച്, ഡേവിഡ് ഡെന്‍സിക്, ബില്ലി മഗ്നുസ്സെന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. 2020 ഏപ്രില്‍ മൂന്നിനാണ് യുകെ റിലീസ്. എട്ടിന് യുഎസിലും പ്രദര്‍ശനത്തിനെത്തും.