ദിലീപ്, ധ്യാൻ, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ഭഭബ' എന്ന ചിത്രം ഡിസംബർ 18-ന് റിലീസ് ചെയ്യും. മാസ് കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന സിനിമയിൽ വലിയൊരു താരനിരയും അണിനിരക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ചുകാലമായി മലയാള സിനിമാസ്വാദകർ റിലീസിനായി കാത്തിരിക്കുന്നൊരു സിനിമയുണ്ട്. ഭഭബ (ഭയം ഭക്തി ബഹുമാനം). ദിലീപ് നായകനായി എത്തുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഒപ്പം മോഹൻലാൽ അതിഥി വേഷത്തിലും ചിത്രത്തിൽ എത്തും. ദിലീപും മോഹൻലാലും ഒന്നിച്ചുള്ളൊരു ഗാനരംഗവും മോഹൻലാലിന്റെ ഫൈറ്റും ഭഭബയിൽ ഉണ്ടെന്നാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
ഭഭബയുടെ ട്രെയിലർ ഉടൻ പുറത്തുവരുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. നേരത്തെ ഡിസംബർ 8ന് അതായത് ഇന്ന് ട്രെയിലർ വരുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ഒൻപതിനാകും ട്രെയിലർ എത്തുകയെന്നും പ്രചാരണം നടന്നു. എന്നാൽ ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ട്രെയിലർ റിലീസിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തിരക്കഥാകൃത്തുക്കളിൽ ഒരാളായ നൂറിൽ ഷെരീഫ്.
"ഭഭബയുടെ ട്രെയിലർ ഡിസംബർ 8ന് റിലീസ് ചെയ്യുമെന്ന് നമ്മൾ പറഞ്ഞിരുന്നില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ ഒഫീഷ്യലി വരും. സിനിമ 18ന് തന്നെ റിലീസ് ചെയ്യും. ഞങ്ങൾ മാക്സിമം സിനിമയിൽ ചെയ്തിട്ടുണ്ട്. ഇനി ആളുകൾ കാണട്ടെ. നന്നായിട്ട് ടെൻഷൻ ഒക്കെയുണ്ട്. ചെയ്തത് എങ്ങനെ ആവും എന്നറിയില്ലല്ലോ. അതിന്റെ ടെൻഷൻ ഉണ്ട്", എന്നായിരുന്നു നൂറിൻ ഷെരീഫിന്റെ വാക്കുകൾ. ഒരു ഓൺലൈൻ മീഡിയയോട് ആയിരുന്നു നൂറിന്റെ പ്രതികരണം. നൂറിനും ഭർത്താവ് ഫാഹിം സഫറും ചേർന്നാണ് ഭഭബയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഡിസംബർ 18ന് ആണ് ഭഭബ റിലീസ് ചെയ്യുന്നത്. മാസ് കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ ധ്യാന്‍ ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണാ, റെഡിൻ കിങ്‌സിലി, ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി മാസ്റ്റര്‍ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.



