നടി യമുനാ റാണി തൻ്റെ അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുന്നു. പലരും തങ്ങളുടെ ബന്ധം തകരുമെന്ന് പ്രവചിച്ചിരുന്നതായും, സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ പ്രചരിച്ചിരുന്നതായും യമുന ഓർമ്മിച്ചു.
മലയാളത്തിലെ ടിവി പ്രേക്ഷകര്‍ക്ക് മുഖവുരയുടെ ആവശ്യം ഇല്ലാത്ത താരമാണ് യമുനാ റാണി. ഒരു കാലത്ത് സിനിമാ സീരിയലുകളില്‍ നിറഞ്ഞു നിന്ന താരത്തിന്‍റെ സീരിയല്‍ സിനിമാ വേഷങ്ങളും ശ്രദ്ധേയമാണ്. മീശമാധവന്‍, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയ സിനിമകളിലും യമുനാ റാണി അഭിനയിച്ചിട്ടുണ്ട്. കരിയറിൽ ശ്രദ്ധിക്കപ്പെട്ട് വരുന്നതിനിടെ, യമുന അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു. ഇപ്പോൾ സീരിയലുകളിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് പലപ്പോഴും യമുനാ റാണി മനസ് തുറന്നിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ദാമ്പത്യബന്ധം അഞ്ചാം വർഷത്തിലേക്കു കടന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് യമുന.
''2020 ഡിസംബർ 7ന് കൊലൂരിലെ മൂകാംബിക ക്ഷേത്രത്തിൽ ഞങ്ങളുടെ വിവാഹം നടന്നു. “ഇവരുടെ ബന്ധം നീളില്ല” എന്ന് പലരും പറഞ്ഞിരുന്ന കാലം ഉണ്ടായിരുന്നു. പക്ഷേ നമ്മൾ കൈ വിട്ടില്ല… ഹൃദയം പിടിച്ച് ഒരുമിച്ച് മുന്നോട്ട് നടന്നു. ഇന്ന് അതിന്റെ തെളിവായി ഞങ്ങൾ അഞ്ചു വർഷം പിന്നിട്ടിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ ഞങ്ങളെക്കുറിച്ച് പല തെറ്റായ വാർത്തകളും പരന്നു. പിരിഞ്ഞുവെന്ന വാർത്തകളും ഉണ്ടായിരുന്നു. പക്ഷേ സത്യം അറിയുന്ന ഞങ്ങൾ, മനസിനെ സമാധാനത്തിലാക്കി. ചിരി മങ്ങാതെ അതെല്ലാം കടന്ന് പോയി. ഞങ്ങളുടെ കുടുംബം ഞങ്ങൾ രണ്ടുപേരും, മൂന്ന് പെൺമക്കളുമാണ്. അവരാണ് ഞങ്ങളുടെ ശക്തിയും ധൈര്യവും. പരസ്പരം ബഹുമാനിക്കുകയും, ഇടം കൊടുക്കുകയും, മനസിലാക്കുകയും ചെയ്തതുകൊണ്ടാണ് ഞങ്ങളുടെ ബന്ധം ഇങ്ങനെ ഉറച്ചതായത്. ഇന്ന് ഞങ്ങളുടെ 5-ാം വിവാഹ വാർഷികം. ജീവിതം നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ബ്രഹ്മാണ്ഡത്തോട് ഹൃദയം നിറഞ്ഞ നന്ദിയും കൃതജ്ഞതയും'', എന്ന് യമുനാ റാണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.



