പ്രധാന സീനുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം പാട്ട് എടുക്കാമെന്ന പ്ലാനിലായിരുന്നു സംവിധായകന്‍

സിനിമയിലെ ഡ്യൂപ്പ്, അഥവാ ബോഡി ഡബിളിന്‍റെ ഉപയോഗം ഭൂരിഭാഗം സമയങ്ങളിലും പ്രേക്ഷകര്‍ അറിയാറില്ല. അത് അറിയാനും പാടില്ല. ആക്ഷന്‍ രംഗങ്ങളിലാണ് ഡ്യൂപ്പിനെ കൂടുതലും ഉപയോഗിക്കാറ്. ഇരട്ട വേഷങ്ങള്‍ ചെയ്യേണ്ടിവരുമ്പോഴും ഇവരുടെ സേവനം ഉപയോഗപ്പെടുത്താറുണ്ട്. തങ്ങളുടെ അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചതില്‍ ചിലപ്പോഴൊക്കെ അഭിനേതാക്കള്‍ തങ്ങളുടെ അതൃപ്തി അറിയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ഒരു തമിഴ് ചിത്രത്തിലെ ഗാനരംഗത്തില്‍ നായികയ്ക്ക് പകരം അവരുടെ ബോഡി ഡബിളിനെ ഉപയോഗിച്ച കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍.

വിജയ്‍ നായകനായി 1998 ല്‍ പുറത്തെത്തിയ നിനൈത്തേന്‍ വന്തായ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തെക്കുറിച്ചാണ് സംവിധായകന്‍ കെ സെല്‍വഭാരതി വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ട് നായികമാരായിരുന്നു ചിത്രത്തില്‍. രംഭയും ദേവയാനിയും. ചിത്രത്തിലെ ഏറെ പ്രശസ്തമായ വണ്ണ നിലവേ എന്ന ഗാനരംഗത്തെക്കുറിച്ചാണ് സംവിധായകന്‍ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

വിജയ് അവതരിപ്പിക്കുന്ന ഗോകുലകൃഷ്ണന്‍ ഗൗണ്ടര്‍ എന്ന ഗോകുലിന്‍റെ സ്വപ്ന കാമുകിയാണ് രംഭ അവതരിപ്പിക്കുന്ന സ്വപ്ന. ഗോകുലിന്‍റെ ചിന്തയില്‍ അവള്‍ എത്തുന്ന രീതിയിലാണ് വണ്ണനിലവേയുടെ ദൃശ്യങ്ങള്‍. എന്നാല്‍ ഗാനത്തിലെ ബഹുഭൂരിപക്ഷം രംഗങ്ങളിലും രംഭയെയല്ല പ്രേക്ഷകര്‍ കാണുന്നതെന്ന് സംവിധായകന്‍ പറയുന്നു. മറിച്ച് ഒരു ബോഡി ഡബിളിനെയാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രധാന രംഗങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷം ഈ ഗാനരംഗം ചിത്രീകരിക്കാനായിരുന്നു സെല്‍വഭാരതിയുടെ പ്ലാന്‍. എന്നാല്‍ ആ സമയം ആവുമ്പോഴേക്ക് രംഭ ഒരു തെലുങ്ക് ചിത്രത്തിന്‍റെ തിരക്കുകളിലായി. അവരെ തിരികെ വിളിക്കുന്നതിന് പകരം നര്‍ത്തകി കൂടിയായ ഒരു ബോഡി ഡബിളിനെ ഉപയോഗിച്ച് ചിത്രീകരണം നടത്താനും അദ്ദേഹം തീരുമാനിച്ചു. 

നായകന്‍റെ ചിന്തയില്‍ കടന്നുവരുന്ന, മുഖമില്ലാത്ത നായിക എന്ന സങ്കല്‍പത്തില്‍ ഗാനം ദൃശ്യവത്കരിച്ചാണ് സംവിധായകന്‍ ഇത് വിജയകരമായി സാധിച്ചെടുത്തത്. മിക്ക രംഗങ്ങളിലും മുഖം തുണി കൊണ്ട് മറച്ചാണ് നടി ​ഗാനരം​ഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഈ ​ഗാനം പ്രേക്ഷകര്‍ക്കിടയില്‍ വലിയ ഹിറ്റായി മാറിയ ഒന്നുമാണ്. എന്നാല്‍ ചിത്രത്തിന്‍റെ പ്രീമിയര്‍ ഷോ കാണവെയാണ് രംഭയും കുടുംബവും ഈ ​ഗാനത്തെക്കുറിച്ച് അറിയുന്നത്. അതൃപ്തി അറിയിച്ച അവര്‍ ഈ ​ഗാനരം​ഗത്തിന് ശേഷം തിയറ്റര്‍ വിട്ട് പോയെന്നും സംവിധായകന്‍ പറയുന്നു. 

തെലുങ്ക് ചിത്രം പെല്ലി സണ്ഡാടിയുടെ റീമേക്ക് ആയിരുന്നു നിനൈത്തേന്‍ വന്തായ്. ​ഗാനം മാത്രമല്ല സിനിമയും വന്‍ വിജയമായിരുന്നു. സംവിധായകന്‍ സെല്‍വഭാരതി രണ്ട് ചിത്രങ്ങള്‍ കൂടി വിജയ്‍യെ നായകനാക്കി ഒരുക്കിയിട്ടുണ്ട്. പ്രിയമാനവളേ, വസീ​ഗരാ എന്നിവയാണ് അവ. ഈ ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. 

ALSO READ : 2023 ലെ ഹിറ്റുകളുടെ നിരയില്‍ ഇടംപിടിക്കുമോ 'കാതല്‍'? 18 ദിവസത്തെ കളക്ഷന്‍

Vanna Nilave Ninaithen Vandhai Video Song 1080P Ultra HD 5 1 Dolby Atmos Dts Audio