ഈ പ്രോജക്റ്റ് സംബന്ധിച്ച് ഏറ്റവുമധികം കേട്ട പേര് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്‍റേതായിരുന്നു
ഏറെക്കാലത്തെ അഭ്യൂഹങ്ങള്‍ക്കിപ്പുറം തമിഴ് സൂപ്പര്‍താരം വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത് ഏതാനും ദിവസം മുന്‍പാണ്. ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന ദി ഗ്രറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന ചിത്രം കൂടാതെ ഒരു ചിത്രത്തില്‍ക്കൂടി മാത്രമേ വിജയ് അഭിനയിക്കൂ എന്നാണ് കരുതപ്പെടുന്നത്. വിജയ്‍യുടെ കരിയറിലെ 69-ാമത്തെ ചിത്രമായിരിക്കും അത്. ആര്‍ആര്‍ആര്‍ നിര്‍മ്മാതാവായ ഡി വി വി ദാനയ്യ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം ആരെന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല. അതേസമയം നിരവധി റിപ്പോര്‍ട്ടുകള്‍ ഇതേക്കുറിച്ച് വരുന്നുമുണ്ട്. ഇപ്പോഴിതാ പുതുതായി ഒരു സംവിധായകന്‍റെ പേര് കൂടി ആ ചര്‍ച്ചകളിലേക്ക് എത്തുകയാണ്.
ഈ പ്രോജക്റ്റ് സംബന്ധിച്ച് ഏറ്റവുമധികം കേട്ട പേര് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്‍റേതാണ്. വിജയ്‍യെ നായകനാക്കി സിനിമയൊരുക്കാന്‍ ഏറെ ആഗ്രഹിച്ചിട്ടുള്ളയാളുമാണ് കാര്‍ത്തിക്. നേര്‍കൊണ്ട പാര്‍വൈയും വലിമൈയുമൊക്കെ ഒരുക്കിയ എച്ച് വിനോദിന്‍റെ പേരും അടുത്തിടെ ഈ ചര്‍ച്ചകളില്‍ കേട്ടു. അക്കൂട്ടത്തിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയിരിക്കുന്നത് സംവിധായകന്‍ വെട്രിമാരന്‍റെ പേരാണ്.
രാഷ്ട്രീയ ഉള്ളടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കുന്നതിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് വെട്രിമാരന്‍. അതേസമയം ഗൗരവമുള്ള വിഷയങ്ങള്‍ പറയുമ്പോഴും ബോക്സ് ഓഫീസ് വിജയവും നേടിയിട്ടുള്ളയാള്‍. ആടുകളവും വിസാരണൈയും വട ചെന്നൈയും അസുരനുമൊക്കെ ഒരുക്കിയിട്ടുള്ളയാള്‍, വിജയ്‍യുടെ സിനിമാജീവിതത്തിലെ അവസാന ചിത്രമാവാന്‍ സാധ്യതയുള്ള ചിത്രം ഒരുക്കാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള ആളെന്നാണ് വെട്രിമാരനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പല സിനിമാപ്രേമികളുടെയും പ്രതികരണം. ഇരുവരും ഒരുമിച്ച് ഒരു ചിത്രം ഇതുവരെ സംഭവിച്ചിട്ടില്ല. അതേസമയം വിജയ്‍യുടെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തോടെ വരാനിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ക്കും ലഭിച്ചിട്ടുള്ള ഹൈപ്പ് വളരെ വലുതാണ്. വെങ്കട് പ്രഭുവാണ് അടുത്തതായി തിയറ്ററുകളിലെത്തിയ വിജയ് ചിത്രത്തിന്‍റെ സംവിധായകന്‍.
