യുദ്ധം ജയിച്ച് 'കണ്ണൂർ സ്ക്വാഡ്' നാളെ ഒടിടിയിൽ; ഒപ്പം ഇവരും, ശേഷം വരുന്നത് വിജയ് ചിത്രം ഉൾപ്പടെ
നവംബര്‍ മാസം ഒടിടിയില്‍ എത്തുന്ന സിനിമകള്‍.

ദീപാവലി ആഘോഷങ്ങൾ അവസാനിച്ചു. എന്നാൽ വിനോദ രംഗത്തെ ആഘോഷം തുടർന്ന് കൊണ്ടേയിരിക്കുകയാണ്. സൂപ്പർ താര ചിത്രങ്ങൾ ഉൾപ്പെടെ നാളെ മുതൽ ഒടിടിയിൽ എത്തുന്നുണ്ട്. തിയറ്ററിൽ മിസായവർക്കും വീണ്ടും കാണാൻ ആഗ്രഹിക്കുന്നവർക്കും സിനിമകൾ വിവിധ ഒടിടി പ്ലാറ്റ്ഫോമിലൂടെ കാണാൻ സാധിക്കും. അവയിൽ ചില സിനിമകളും അവ എവിടെയൊക്കെയാണ് സ്ട്രീമിംഗ് ചെയ്യുന്നതെന്നും അറിയാം.
മമ്മൂട്ടിയുടെ 'കണ്ണൂർ സ്ക്വാഡ്'(നവംബർ 17)
മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കണ്ണൂർ സ്ക്വാഡ്. മമ്മൂട്ടി നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് റോബി വർഗീസ് രാജ് ആണ്. വലിയ ബഹളങ്ങളോ ഹൈപ്പോ ഒന്നും ഇല്ലാതെ സെപ്റ്റംബർ 28ന് റിലീസ് ചെയ്ത കണ്ണൂർ സ്ക്വാഡ് 50 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം തിയറ്ററുകളിൽ അൻപത് ദിവസം പൂർത്തിയാക്കിയാണ് ഒടിടിയിൽ എത്തുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ് ഫോമായ ഡിസ്നി പ്ലസ് ഹോർട് സ്റ്റാറിൽ ആണ് സ്ട്രീമിംഗ്. ഇന്ന് അർദ്ധരാത്രി മുതൽ കണ്ണൂർ സ്ക്വാഡ് ഒടിടിയിൽ എത്തും. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം കാണാൻ സാധിക്കും.
ശിവരാജ് കുമാറിന്റെ 'ഗോസ്റ്റ്' (നവംബർ 17)
ജയിലർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളികളും നെഞ്ചേറ്റിയ ശിവരാജ് കുമാർ നായകനായി എത്തിയ ചിത്രമാണ് ഗോസ്റ്റ്. ജയറാമും പ്രധാന വേഷത്തിൽ എത്തിയ ചിത്രം നവംബർ 17ന് ഒടിടിയിൽ സ്ട്രീമിംഗ് ചെയ്യും. സീ ഫൈവിലൂടെ ആണ് ഗോസ്റ്റ് ഓൺലൈനിൽ എത്തുക. എം ജി ശ്രീനിവാസ് സംവിധാനം ചെയ്ത ഗോസ്റ്റില്‍ അനുപം ഖേർ, പ്രശാന്ത് നാരായണൻ, അർച്ചന ജോയിസ്, സത്യപ്രകാശ് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു.
സിദ്ധാർത്ഥിന്റെ 'ചിത്ത'(നവംബർ 17)
തമിഴ് നടൻ സിദ്ധാർത്ഥ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം 'ചിത്ത' നാളെ ഒടിടിയിൽ എത്തും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം കാണാൻ സാധിക്കും. സെപ്റ്റംബർ 28ന് ആയിരുന്നു സിനിമയുടെ തിയറ്റർ റിലീസ്.
ജോജു ജോർജിന്റെ 'പുലിമട'(നവംബർ 23)
ജോജു ജോർജ് നായകനായി എത്തി അടുത്ത കാലത്ത് ശ്രദ്ധിക്കപ്പെട്ട സിനിമയാണ് പുലിമട. വീണ്ടും പ്രകടനത്തിൽ അമ്പരപ്പിച്ച ജോജു ചിത്രം നവംബർ 23ന് ഒടിടിയിൽ എത്തും. നെറ്റ്ഫ്ലിക്സിൽ ആണ് സ്ട്രീമിംഗ്. എ കെ സാജൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഐശ്വര്യ രാജേഷ് ആയിരുന്നു നായികയായി എത്തിയത്. ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്‍ണ പ്രഭ, പൗളി വിത്സൻ, ഷിബില, ലിജോ മോൾ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു.
കുഞ്ചാക്കോ ബോബന്റെ 'ചാവേർ'(നവംബർ 24)
അജഗജാന്തരം എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ നവംബർ 24ന് ഒടിടിയിൽ എത്തും. സോണി ലിവിൽ ആണ് സ്ട്രീമിംഗ്. കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആൻ്റണി വർഗീസ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഒന്നാണ്.
അർജുൻ അശോകന്റെ 'തീപ്പൊരി ബെന്നി'(നവംബർ 16)
പൊളിറ്റിക്കൽ-ഫാമിലി എന്റർടെയ്ൻമെന്റ് വിഭാഗത്തിൽപ്പെടുന്ന തീപ്പൊരി ബെന്നിയും ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. ആമസോൺ പ്രൈം വീഡിയോയ്ക്ക് ആണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. ചിത്രം കഴിഞ്ഞ ദിവസം മുതൽ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. 'വെള്ളിമൂങ്ങ', 'ജോണി ജോണിയെസ് അപ്പാ' എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ജോജി തോമസും, 'വെളളിമൂങ്ങ'യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടി ജി രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ്, ജഗദീഷ് തുടങ്ങിയവർ പ്രധാനവേഷത്തിൽ എത്തിയ ചിത്രത്തിൽ നായകനായി എത്തിയിരിക്കുന്നത് അർജുൻ അശോകൻ ആണ്.
വിജയ് ചിത്രം 'ലിയോ'
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രമാണ് ലിയോ. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം നേരത്തെ തന്നെ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു. അതും റെക്കോർഡ് തുകയ്ക്ക്. ലിയോ നവംബർ 16ന് റിലീസ് ചെയ്യുമെന്ന തരത്തിൽ നേരത്തെ പ്രചരണങ്ങൾ നടന്നിരുന്നു എങ്കിലും ചിത്രം സ്ട്രീമിങ്ങിന് എത്തിയിരുന്നില്ല. ഇപ്പോഴിതാ ചിത്രം നവംബർ 23ന് ഒടിടിയിൽ എത്തുമെന്നാണ് വിവരം. സഞ്ജയ് ദത്ത്, അർജുൻ സർജ, തൃഷ, ബാബു ആന്റണി, മാത്യു തോമസ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ലിയോ ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. പ്രത്യേകിച്ച് ആദ്യദിനം. എന്തായാലും ലിയോയുടെ ഔദ്യോഗിക ഒടിടി റിലീസ് പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..