2017 മുതൽ 2025 വരെയുള്ള ഇന്ത്യൻ സിനിമകളുടെ സെൻസർ സർട്ടിഫിക്കേഷനെക്കുറിച്ചുള്ള സിബിഎഫ്‍സി വാച്ചിന്‍റെ പുതിയ പഠനം പുറത്ത്.
സിനിമാ മേഖലയുമായി ബന്ധപ്പെട്ട് മിക്കപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ള ഒന്നാണ് സെന്‍സറിംഗ്. സെന്‍സര്‍ ബോര്‍ഡിന്‍റെ തീരുമാനങ്ങള്‍ പലപ്പോഴും വിമര്‍ശനവിധേയമാകാറുമുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമകളുടെ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് വ്യത്യസ്ത ഭാഷാ സിനിമകള്‍ തിരിച്ചുള്ള കൗതുകകരമായ ഒരു പഠനം പുറത്തെത്തിയിരിക്കുകയാണ്. സിബിഎഫ്സി വാച്ച് തന്നെ നടത്തിയിരിക്കുന്ന പഠനമാണ് ഇത്. 2017 മുതല്‍ 2025 വരെ റിലീസ് ചെയ്യപ്പെട്ട പതിനെണ്ണായിരത്തോളം ഇന്ത്യന്‍ സിനിമകളെ മുന്‍നിര്‍ത്തിയുള്ളതാണ് പഠനം. ഏറ്റവും കുടുംബ സൗഹൃദപരമായ സിനിമകള്‍ ഏത് ഭാഷയിലെ ആണെന്നും ഏറ്റവുമധികം എ സര്‍ട്ടിഫിക്കേഷന്‍ ഏത് ഭാഷാ സിനിമകള്‍ക്കാണ് ലഭിച്ചിട്ടുള്ളതെന്നുമൊക്കെ ഈ പഠനത്തില്‍ ഉണ്ട്.
ഫീച്ചര്‍ ചലച്ചിത്രങ്ങള്‍ മാത്രമല്ല, ഒരു മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമുകളും മ്യൂസിക് വീഡിയോകളുമൊക്കെ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന ഫിലിം ഇന്‍ഡസ്ട്രികളില്‍ ഏറ്റവുമധികം യു സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുള്ള സിനിമകള്‍ മലയാളത്തില്‍ നിന്നാണ്. തമിഴ് സിനിമയാണ് യു സര്‍ട്ടിഫിക്കറ്റിന്‍റെ കാര്യത്തില്‍ തൊട്ടടുത്ത്. യു സര്‍ട്ടിഫിക്കറ്റ് ഏറ്റവും കുറവ് ലഭിച്ചിട്ടുള്ളത് ഭോജ്പുരി സിനിമയ്ക്കാണ്. ഇന്ത്യയില്‍ സെന്‍സര്‍ ചെയ്യപ്പെട്ട ഇംഗ്ലീഷ് സിനിമകളേക്കാള്‍ കുറവാണ് യു സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തില്‍ ഭോജ്പുരി സിനിമകളുടെ ശതമാനം എന്നതും കൗതുകകരമാണ്.
എന്നാല്‍ എ (അഡള്‍ട്ട്) റേറ്റഡ് സിനിമകളുടെ കാര്യമെടുത്താല്‍ ഇന്ത്യന്‍ സിനിമയില്‍ 10 ശതമാനത്തിലധികം ഈ റേറ്റിംഗിലുള്ള സിനിമകള്‍ വരുന്നത് ഇന്ത്യയില്‍ തെലുങ്ക്, കന്നഡ സിനിമകള്‍ മാത്രമാണ്. അതേസമയം ഇന്ത്യയില്‍ സെന്‍സര്‍ ചെയ്യപ്പെടുന്ന ഇംഗ്ലീഷ് സിനിമകളില്‍ 16 ശതമാനത്തിലധികം ചിത്രങ്ങള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ് ആണ്. അതേസമയം മലയാളം, തമിഴ് സിനിമകളില്‍ എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് 7 ശതമാനത്തില്‍ താഴെ സിനിമകള്‍ക്കാണ്.
ഇന്ത്യയിലെ ചെറിയ ഫിലിം ഇന്‍ഡസ്ട്രികള്‍ എടുത്താല്‍ ഏറ്റവുമധികം യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത് ഒഡിയ സിനിമയ്ക്കാണ്. ഒഡിയയില്‍ ഇറങ്ങുന്ന ആകെ സിനിമകളില്‍ 42 ശതമാനത്തില്‍ അധികം ചിത്രങ്ങള്‍ക്ക് യു സര്‍ട്ടിഫിക്കേഷനാണ് ലഭിച്ചിട്ടുള്ളത്. ഈ ഭാഷയില്‍ 1.2 ശതമാനം ചിത്രങ്ങള്‍ക്കേ എ സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുള്ളൂ. ഗുജറാത്തി സിനിമയില്‍ 2.3 ശതമാനം സിനിമകള്‍ക്കേ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളൂ. മൊഴിമാറ്റം ചെയ്യുന്ന ചിത്രങ്ങള്‍ പുതിയ ചിത്രമായാണ് സെന്‍സര്‍ ചെയ്യാറ്. ഒരേ സിനിമയുടെ വ്യത്യസ്ത ഭാഷാ പതിപ്പുകള്‍ക്ക് വ്യത്യസ്ത റേറ്റിംഗ് ലഭിച്ച അവസരങ്ങളും ഉണ്ട്.
അതേസമയം ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ആവര്‍ത്തിക്കുന്ന സര്‍ട്ടിഫിക്കേഷന്‍ യു/ എ ആണ്. ഏത് ഭാഷ എടുത്താലും ആകെ ഉള്ളവയില്‍ പകുതിയിലധികം ചിത്രങ്ങള്‍ക്ക് യു/ എ സര്‍ട്ടിഫിക്കറ്റ് ആണ്. ഏത് പ്രേക്ഷകര്‍ക്കും കാണാവുന്ന ചിത്രങ്ങളാണ് ഇവ. കുട്ടികളെങ്കില്‍ രക്ഷിതാക്കളുടെ മേല്‍നോട്ടത്തോടെ കാണാവുന്നവയും.



