മലയാളിത്തമുള്ള നടൻ എന്ന വിശേഷണം ചേരുന്ന നടൻമാര്‍ ഒട്ടനവധിയുണ്ടാകും ആരാധകര്‍ക്ക് ചൂണ്ടിക്കാണിക്കാൻ. പക്ഷേ മലയാളിത്തവും അഭിനയകലയുടെ പരപ്പും ഒരുപോലെ ചേര്‍ന്നുനില്‍ക്കുന്ന അപൂര്‍വം നടൻമാരില്‍ ഒരാളാണ് ഒടുവില്‍ ഉണ്ണികൃഷ്‍ണൻ. ഇന്നും ഒടുവില്‍ ഉണ്ണികൃഷ്‍ണന്റെ കഥാപാത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയുണ്ട്. ഒടുവില്‍ ഉണ്ണികൃഷ്‍ണൻ വിടപറഞ്ഞിട്ട് ഇന്നേയ്‍ക്ക് 14 വര്‍ഷം തികയുന്നു.  2006 മെയ് 27ന് ആയിരുന്നു ഒടുവില്‍ ഉണ്ണികൃഷ്‍ണൻ മരിച്ചത്.

കലയില്‍ സംഗീതമായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്‍ണന് ആദ്യം കൂട്ട്. 1944  ഫെബ്രുവരി 13ന് തൃശൂർ വടക്കാഞ്ചേരിയില്‍ എങ്കക്കാട്ട് ഒടുവിൽ വീട്ടിൽ കൃഷ്‍ണമേനോന്റെയും പാറുക്കുട്ടി അമ്മയുടേയും മകനായി ആണ് ഉണ്ണികൃഷ്‍ണൻ ജനിച്ചത്. തബല, മൃദംഗം എന്നിവ ചെറുപ്പത്തിലെ അഭ്യസിച്ചു. സംഗീതട്രൂപ്പുകളില്‍ കലാജീവിതം തുടങ്ങിയ ഒടുവില്‍ ഉണ്ണികൃഷ്‍ണൻ കെപിഎസി, കേരള കലാവേദി തുടങ്ങിയിടങ്ങളില്‍ പ്രവര്‍ത്തിച്ചു. 1970ല്‍ ദര്‍ശനം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി.

ഇന്നും ആരാധകര്‍ കാണാൻ ആഗ്രഹിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളാണ് ഒടുവില്‍ ഉണ്ണികൃഷ്‍ണന്റേതായിട്ടുള്ളത്. ദേവാസുരത്തിലെ പെരിങ്ങോടര്‍, അനിയൻ ബാവ ചേട്ടൻ ബാവ സിനിമയിലെ കഥാപാത്രം, ഒരു ചെറുപുഞ്ചിരിയിലെ കഥാപാത്രം, പ്രേംപൂജാരിയിലെ കഥാപാത്രം, വളയത്തിലെ കഥാപാത്രം അങ്ങനെ ഒട്ടേറെയുണ്ട് ഒടുവില്‍ ഉണ്ണികൃഷ്‍ണന്റേതായിട്ട്. ചിരിപ്പിക്കുന്ന വേഷങ്ങളും ഒടുവില്‍ മികച്ചതാക്കി. അതേപോലെ വിഷമത്തിലാക്കുന്നതും. ഏതുതരം കഥാപാത്രമായാലും അത് മികവുറ്റതാക്കുകയായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്‍ണൻ.

നാട്ടുവരമ്പത്തൂടെ നടക്കുന്ന ഗ്രാമീണനായിട്ടാകും ഒടുവില്‍ ഉണ്ണികൃഷ്‍ണനെ മലയാളികള്‍ ഓര്‍ക്കുക. നാട്ടുനന്മയും ശുദ്ധമനസ്സും ഒടുവില്‍ ഉണ്ണികൃഷ്‍ണൻ കഥാപാത്രങ്ങളില്‍ മിക്കവര്‍ക്കുമുണ്ട്. ഒടുവില്‍ ഉണ്ണികൃഷ്‍ണന്റെ ലാളിത്യവും നിഷ്‍കളങ്കതയും ആ കഥാപാത്രങ്ങള്‍ക്കും ചേരുകയായിരുന്നുവെന്നും പറയാം. എത്ര തന്മയത്വത്തോടെയായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്‍ണന്റെ വേഷപ്പകര്‍ച്ചയെന്ന് പറഞ്ഞറിയേണ്ട ആവശ്യമില്ല മലയാളി പ്രേക്ഷകര്‍ക്ക്. ഓരോ കഥാപാത്രത്തെയും സ്വന്തം നാട്ടില്‍ കണ്ടെത്താൻ പോന്ന വിധം പ്രേക്ഷകന് അടുപ്പമുള്ളവരെയായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്‍ണൻ വെള്ളിത്തിരയിലെത്തിച്ചത്.

വെറും ചിരിയായിരുന്നില്ല, ഉള്‍ക്കരുത്തുള്ള പൊള്ളുന്ന ജീവിതയാഥാര്‍ഥ്യങ്ങള്‍ പേറിയ കഥാപാത്രങ്ങളും ഒടുവില്‍ ഉണ്ണികൃഷ്‍ണന്റേതായിട്ടുണ്ട്. അടൂര്‍ ഗോപാലാകൃഷ്‍ണൻ സംവിധാനം ചെയ്‍ത നിഴല്‍ക്കുത്ത് എന്ന സിനിമയിലെ കാളിയപ്പൻ എന്ന കഥാപാത്രത്തിലൂടെ ഒടുവില്‍ ഉണ്ണികൃഷ്‍ണൻ സംസ്ഥാനത്തെ മികച്ച നടനായി.  അടൂര്‍ ഗോപാലകൃഷ്‍ണൻ തന്നെ സംവിധാനം ചെയ്‍ത കഥാപുരുഷൻ എന്ന സിനിമയിലെ അഭിനയത്തിനും സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍ത തൂവല്‍ കൊട്ടാരം എന്ന സിനിമയിലെ അഭിനയത്തിനും മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു.