തിയറ്റര്‍ ഉടമകളില്‍ നിന്നുണ്ടായ മുന്‍ അനുഭവം പങ്കുവച്ച് ഒമര്‍ ലുലു

സിനിമകളുടെ ഒടിടി റിലീസ് സിനിമാ മേഖലയിലെ സജീവ ചര്‍ച്ചയായിട്ട് ഏതാനും ആഴ്ചകളായി. മരക്കാറിന്‍റെ (Marakkar) റിലീസിനെച്ചൊല്ലി ആരംഭിച്ച ചൂടേറിയ സംവാദം ചിത്രത്തിന്‍റെ ഒടിടി റിലീസ് (OTT Release) നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു ശേഷവും തുടരുകയാണ്. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് തന്നെ ഒരു ചര്‍ച്ചയ്ക്കും വിളിച്ചിട്ടില്ലെന്ന് ആന്‍റണി പറഞ്ഞപ്പോള്‍ തിയറ്റര്‍ റിലീസിന് തടസ്സം തങ്ങളുടെ ഭാഗത്തുനിന്നല്ല ഉണ്ടായതെന്നായിരുന്നു ഫിയോക് നേതൃത്വത്തിന്‍റെ പ്രതികരണം. അതേസമയം ഈ ചര്‍ച്ചയുടെ തുടര്‍ച്ചയെന്നോണം തന്‍റെ ആദ്യ ചിത്രത്തിന് തിയറ്ററുകാരുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു (Omar Lulu). ഹാപ്പി വെഡ്ഡിംഗ്‍ ആയിരുന്നു ഒമറിന്‍റെ ആദ്യ ചിത്രം. സ്വന്തം നാടായ തൃശൂരില്‍ ചിത്രത്തിന് തുടക്കത്തില്‍ ഒരു തിയറ്റര്‍ പോലും ലഭിച്ചില്ലെന്ന് ഒമര്‍ ലുലു പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സംവിധായകന്‍റെ പ്രതികരണം.

"ഹാപ്പിവെഡ്ഡിംഗ് എന്ന എന്‍റെ ആദ്യ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞു ഇറോസ് എന്ന നമ്പര്‍ വണ്‍ വിതരണ കമ്പനി സിനിമ എടുത്തിട്ട് പോലും “വലിയ താരങ്ങൾ ഇല്ല, പിന്നെ എക്സ്പീരിയൻസ് പോലും ഇല്ലാത്ത പുതിയ സംവിധായകന്‍” എന്നു പറഞ്ഞ് എന്‍റെ സ്വന്തം നാടായ തൃശൂരില്‍ ഒരു തീയറ്റർ പോലും കിട്ടിയില്ല. തൃശ്ശൂരിലെ ഒരു പ്രമുഖ തീയറ്റർ ഓണർ പറഞ്ഞത് ഇപ്പോഴും എന്‍റെ കാതുകളിൽ ഉണ്ട് 'വെറുതെ എന്തിനാ നിങ്ങൾ പൈസ കളയാൻ സിനിമ പിടിക്കാൻ ഇറങ്ങിയത് ഹാപ്പിവെഡ്ഡിങ്ങ് എന്ന് അല്ലേ സിനിമയുടെ പേര്, ഒരു സമൂഹ വിവാഹം നടത്തി കൊടുത്താ നിങ്ങൾക്ക് പുണ്യം എങ്കിലും കിട്ടിയേനെ", ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം തുറന്ന തിയറ്ററുകളിലേക്ക് മലയാളത്തില്‍ നിന്ന് ആദ്യമെത്തുന്ന ബിഗ് റിലീസ് ദുല്‍ഖര്‍ സല്‍മാന്‍റെ കുറുപ്പ് ആണ്. 450ലധികം സ്ക്രീനുകളിലാണ് ചിത്രത്തിന്‍റെ റിലീസ് എന്നാണ് ഫിയോക് അറിയിച്ചിരിക്കുന്നത്. കൂടാതെ രണ്ടാഴ്ചത്തെ മിനിരം റണ്ണും സംഘടന നിര്‍മ്മാതാക്കള്‍ക്ക് വാഗ്‍ദാനം ചെയ്‍തിട്ടുണ്ട്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായാണ് ദുല്‍ഖര്‍ ഈ ചിത്രത്തില്‍ എത്തുന്നത്. അതേസമയം ബാബു ആന്‍റണി നായകനാവുന്ന പവര്‍ സ്റ്റാര്‍ ആണ് ഒമര്‍ ലുലുവിന്‍റെ അടുത്ത ചിത്രം. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ആണ്. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചതായി ഒമര്‍ ലുലു ഒക്ടോബര്‍ ആദ്യം അറിയിച്ചിരുന്നു.