ബാലതാരമായി പ്രേക്ഷഹൃദയങ്ങളിൽ ഇടംപിടിച്ച അരുൺ കുമാറിനെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയുടെ റിലീസ്‌ തിയതി പ്രഖ്യാപിച്ചു. ക്രിസ്തുമസ്‌ റിലീസ്‌ ആയി ഡിസംബർ 20ന്‌ ആണ്‌ ചിത്രം തീയറ്ററുകളിലെത്തുന്നത്‌. 


ഹാപ്പി വെഡ്ഡിംഗ്‌, ചങ്ക്സ്‌, ഒരു അഡാർ ലൗ എന്നീ ചിത്രങ്ങൾക്കു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന 'ധമാക്ക'യിൽ നിക്കി ഗല്‍റാണിയാണ് നായിക. ഒരു കളര്‍ഫുള്‍ കോമഡി ചിത്രമാവും ധമാക്കയെന്നാണ് ഒമറിന്റെ വാഗ്ദാനം. 


മലയാളിയുടെ പ്രിയ ജോഡിയായിരുന്ന മുകേഷും ഉര്‍വശിയും വീണ്ടും ഒന്നിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇവരെ കൂടാതെ ഇന്നസെന്റ്, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ്‌ കണാരൻ, സലിം കുമാർ, ഷാലിൻ സോയ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസര്‍ ആണ് നിര്‍മ്മാണം.