പുതിയ സിനിമയുമായി സംവിധായകൻ ഒമർ ലുലുവും. ബാബു ആന്റണി നായകനാകുന്ന പവർ സ്റ്റാറിന്റെ ഷൂട്ടിങ് ഒക്ടോബറിൽ തുടങ്ങാനാണ് നീക്കം. കൊച്ചി, കാസർകോഡ്, മംഗലാപുരം എന്നിവിടങ്ങളിലാണ് ചിത്രീകരണം. അതേസമയം പുതിയ സിനിമ തുടങ്ങുന്നതിനെതിരെ ഫിലിം ചേംബറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഉയർത്തിയ പ്രതിഷേധം കണക്കിലെടുത്ത് മാത്രമായിരിക്കും സിനിമയുമായി മുന്നോട്ടുപോവുകയെന്ന് സംവിധായകൻ ഒമർ ലുലു ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.  

ആദ്യമായാണ് മാസ് ആക്ഷൻ ചിത്രം ചെയ്യുന്നത്. തിയേറ്റർ റിലീസ് ചെയ്ത് കാണാനാണ് ആഗ്രഹമെന്നും മാസ് സിനിമയാകുമ്പോൾ ക്രൌഡും പൊതുസ്ഥലത്തെ ഷൂട്ടിങ്ങും ആവശ്യമാണ്. അതുകൊണ്ടുതന്നെ കൊവിഡ് കാലത്തെ ഷൂട്ടിങ് ശ്രമകരമാണ്. കൊവിഡിനൊപ്പം ജീവിക്കുക എന്നതാണ് നമുക്ക് ചെയ്യേണ്ടത്. എല്ലാം അടച്ചിട്ടാൽ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി കൊവിഡിനേക്കാൾ വലിയ പ്രതിസന്ധിയുണ്ടാക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു.

അറുപതോളം സിനിമകൾ റിലീസ് ചെയ്യാനുണ്ട്. അവയെല്ലാം ഒടിടി റിലീസ് ചെയ്യില്ല. അപ്പോൾ പുതിയ സിനിമകൾ കൂടി വന്നാൽ റിലീസ് ബുദ്ധിമുട്ടാകുമെന്നും അസോസിയേഷനും ചേംബറും പറയുന്ന കാര്യങ്ങളെല്ലാം ശരിയാണെന്നും ഒമർ പറഞ്ഞു. ഈ പ്രതിസന്ധിക്ക് ശേഷം നല്ല രീതിയിൽ ഇന്ഡസ്ട്രി തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും, എതിർപ്പുകളുണ്ടായാൽ സിനിമ നീട്ടി വയ്ക്കുമെന്നും ഒമർ വ്യക്തമാക്കി.