ടൊവീനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്ന ചിത്രം ഡയറക്ട് ടെലിവിഷന്‍ റിലീസായി ഏഷ്യാനെറ്റിലൂടെ എത്തുന്ന വിവരം ഇന്നലെയാണ് പ്രഖ്യാപിക്കപ്പെട്ടത്. മലയാളസിനിമയുടെ സമീപകാല ചരിത്രത്തില്‍ തീയേറ്ററിലോ ഒടിടി പ്ലാറ്റ്ഫോമുകളിലോ റിലീസ് ചെയ്യപ്പെടുന്നതിനു മുന്‍പ് ആദ്യമായാണ് ഒരു ചിത്രം ടെലിവിഷനിലൂടെ എത്തുന്നത്. എന്നാല്‍ കിലോമീറ്റേഴ്സിനൊപ്പം ഒരുപിടി സിനിമകളും ഏഷ്യാനെറ്റില്‍ ഓണത്തിന് എത്തുന്നുണ്ട്. അവയില്‍ ടെലിവിഷന്‍ പ്രീമിയറുകളുമുണ്ട്.

ദുല്‍ഖറിനെ നായകനാക്കി ദേസിംഗ് പെരിയസാമി ഒരുക്കിയ റൊമാന്‍റിക് ഹെയ്സ്റ്റ് കോമഡി ചിത്രം കണ്ണും കണ്ണും കൊള്ളൈയടിത്താല്‍, മലയാളത്തിലെ ആദ്യ ഡയറക്ട് ഒടിടി റിലീസ് എന്ന നിലയില്‍ വാര്‍ത്താപ്രാധാന്യം നേടിയ ജയസൂര്യ ചിത്രം സൂഫിയും സുജാതയും, ജ്യോതികയെ നായികയാക്കി ജെ ജെ ഫ്രെഡറിക് സംവിധാനം ചെയ്ത ലീഗല്‍ ഡ്രാമ ചിത്രം പൊന്മകള്‍ വന്താല്‍ എന്നിവയും ഓണദിനങ്ങളില്‍ ഏഷ്യാനെറ്റില്‍ പ്രദര്‍ശനത്തിനെത്തും.

അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പേള, കീര്‍ത്തി സുരേഷിനെ നായികയാക്കി ഈശ്വര്‍ കാര്‍ത്തിക് സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലര്‍ ചിത്രം പെന്‍ഗ്വിന്‍ എന്നിവയും ഏഷ്യാനെറ്റിന്‍റെ ഓണച്ചിത്രങ്ങളാണ്. നേരത്തെ പ്രീമിയര്‍ ചെയ്യപ്പെട്ട ഫഹദ് ഫാസിലിന്‍റെ അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സ്, ടൊവീനോ തോമസിനെ നായകനാക്കി അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത ഫോറന്‍സിക് എന്നിവ ഓണദിനങ്ങളിലും പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ട്.