ലോകമെങ്ങുമുള്ള വായനക്കാർ കൊണ്ടാടിയ ലോകസാഹിത്യത്തിലെ വിഖ്യാത രചനയെ സ്ക്രീനിലെത്തിക്കുന്നത് നെറ്റ് ഫ്ലിക്സാണ്. സ്പാനിഷ് ഭാഷയിൽ നിർമ്മിക്കുന്ന വെബ് സീരീസ് മാർകേസിന്‍റെ ജൻമദേശമായ കൊളംബിയയിൽ തന്നെയാകും ചിത്രീകരിക്കുക.
തലമുറകളെ എഴുത്തിന്‍റെ മാന്ത്രികതയിൽ കുരുക്കിയിട്ട വിഖ്യാത സാഹിത്യകാരൻ ഗബ്രിയേൽ ഗാർസ്യ മാർകേസിന്‍റെ 'ഏകാന്തതയുടെ നൂറ് വർഷങ്ങൾ' വെബ് സീരീസാവുന്നു. ലോകമെങ്ങുമുള്ള വായനക്കാർ കൊണ്ടാടിയ ലോകസാഹിത്യത്തിലെ വിഖ്യാത രചനയെ സ്ക്രീനിലെത്തിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. സ്പാനിഷ് ഭാഷയിൽ നിർമ്മിക്കുന്ന വെബ് സീരീസ് മാർകേസിന്‍റെ ജൻമദേശമായ കൊളംബിയയിൽ തന്നെയാകും ചിത്രീകരിക്കുക. മാർകേസിന്‍റെ മക്കളായ റോഡ്രിഗോ ഗാർസ്യ, ഗോൺസാലോ ഗാർസ്യ എന്നിവരാകും വെബ് സീരീസിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
1967ലാണ് മാർകേസിന്‍റെ മാസ്റ്റർ പീസായി കണക്കാക്കപ്പെടുന്ന 'ഏകാന്തതയുടെ നൂറ് വർഷങ്ങൾ' ആദ്യം പ്രസിദ്ധീകരിച്ചത്. 'ലാറ്റിനമേരിക്കയുടെ ഉൽപ്പത്തിപ്പുസ്തകം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ നോവലിന്‍റെ അഞ്ചുകോടിയിലേറെ പ്രതികളാണ് നാൽപ്പത്തിയാറ് ഭാഷകളിലായി ലോകമെമ്പാടും വിറ്റുപോയത്. മാർകേസിനെ വിശ്വവിഖ്യാത സാഹിത്യകാരൻമാരുടെ നിരയിലേക്ക് ഉയർത്തിയ നോവലാണിത്.
മാർകേസിന്‍റെ ജീവിതകാലത്തുതന്നെ 'ഏകാന്തതയുടെ നൂറ് വർഷങ്ങൾ' സിനിമയാക്കാൻ പല നിർമ്മാതാക്കളും സമീപിച്ചിരുന്നെങ്കിലും ഒന്നോ രണ്ടോ സിനിമയ്ക്കുള്ളിൽ പുസ്തകം ഒതുക്കാനാകില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായമെന്ന് മകൻ റോഡ്രിഗോ ഗാർസ്യ പറഞ്ഞു. എന്നെങ്കിലും ഏകാന്തതയുടെ നൂറ് വർഷങ്ങൾക്ക് ചലച്ചിത്രരൂപം ഉണ്ടാകുകയാണെങ്കിൽ അത് സ്പാനിഷിൽ തന്നെ വേണമെന്നും മാർകേസിന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് 'കോളറാ കാലത്തെ പ്രണയം' അടക്കമുള്ള മാർകേസിന്‍റെ പല കൃതികളും സിനിമയായിട്ടുണ്ടെങ്കിലും ഏകാന്തതയുടെ നൂറ് വർഷങ്ങൾക്ക് ഇന്നോളം ചലച്ചിത്രഭാഷ്യം ഉണ്ടായതുമില്ല. വെബ് സീരീസിന് സമയം പരിമിതിയല്ലാത്തതുകൊണ്ട് നോവലിന്‍റെ ബൃഹദാഖ്യാന രൂപം സ്ക്രീനിലും പ്രതിഫലിക്കുമെന്നാണ് മാർകേസിന്‍റെ കുടുംബത്തിന്‍റെ പ്രതീക്ഷ.
കൊളംബിയയിലെ സാങ്കൽപ്പിക ഗ്രാമമായ മക്കോണ്ടയിലെ ഏഴ് തലമുറകളുടെ കഥയാണ് നോവലിന്‍റെ ഇതിവൃത്തം. നോവലിലെ കേന്ദ്ര കഥാപാത്രമായ ഹോസ് ആര്‍കേദിയോ ബ്വാന്തിയ ഒരു ദിവസം രാത്രി ചില്ലുകൊണ്ട് നിർമ്മിച്ച ഒരു നഗരം സ്വപ്നം കാണുന്നു. പിറ്റേ ദിവസം അയാൾ അടിത്തട്ടു കാണാവുന്ന മട്ടില്‍ ഒഴുകുന്ന നദിയുടെ കരയിൽ മക്കോണ്ട നഗരം നിർമ്മിക്കുന്നു. അതിന് ശേഷമുള്ള മക്കോണ്ടയിലെ ഏഴ് തലമുറയുടെ കഥയാണ് നോവലിന്‍റെ പരിസരം. ലാറ്റിനമേരിക്കൻ ജീവിതത്തിൽ കോളനിവൽക്കരണം സൃഷ്ടിച്ച ചിന്താപരവും സാംസ്കാരികവും രാഷ്ട്രീയവുമായ മാറ്റങ്ങളുടെ പാഠപുസ്തകമാണ് ഏകാന്തതയുടെ നൂറ് വർഷങ്ങൾ. ഒപ്പം മാജിക്കൽ റിയലിസം എന്ന രചനാ സങ്കേതത്തിൽ സൃഷ്ടിക്കപ്പെട്ട ഏറ്റവും ലക്ഷണമൊത്ത രചനകളിലൊന്നും.
'ഏകാന്തതയുടെ നൂറു വർഷങ്ങളുടെ' ചലച്ചിത്ര പകർപ്പവകാശത്തിനായി പലവട്ടം ശ്രമിച്ചിരുന്നെങ്കിലും മാർകേസിന്‍റെ കുടുംബം തയ്യാറായിരുന്നില്ലെന്ന് നെറ്റ്ഫ്ലിക്സിന്‍റെ വൈസ് പ്രസിഡന്‍റ് ഫ്രാൻസിസ്കോ റാമോസ് പറയുന്നു. 'നാർകോസ്' പോലെയുള്ള വെബ് സീരീസുകളുടെ വിജയവും ഓസ്കർ നേടിയ 'റോമ' എന്ന നെറ്റ്ഫ്ലിക്സ് സിനിമയും ഒക്കെയാണ് കുടുംബത്തിന് മാറിച്ചിന്തിക്കാൻ പ്രേരണയായതെന്നും അദ്ദേഹം പറഞ്ഞു.
നോവൽ വെബ് സീരീസ് ആക്കാനുള്ള തീരുമാനം എടുത്തതിനെപ്പറ്റി റോഡ്രിഗോ ഗാർസ്യ പറഞ്ഞത് ഇങ്ങനെ. "ഏകാന്തതയുടെ നൂറ് വർഷങ്ങൾ സിനിമയാക്കുന്നതിനെപ്പറ്റി എനിക്ക് എട്ട് വയസുള്ളപ്പോൾ മുതൽ ഞാൻ കേൾക്കുന്നതാണ്. ഞങ്ങളുടെ കുടുംബത്തിന് വേഗത്തിൽ എടുക്കാവുന്ന ഒരു തീരുമാനം ആയിരുന്നില്ല ഇത്. ഇപ്പോൾ വലിയൊരു അധ്യായം തീർന്നിരിക്കുന്നു, മറ്റൊരു വലിയ അധ്യായം തുറക്കുകയും ചെയ്യുന്നു."
കഴിഞ്ഞ മൂന്നുനാല് വർഷങ്ങളായി വെബ് സീരീസ് എന്ന ദൃശ്യസങ്കേതത്തിന് ഏറെ വളർച്ചയും വിജയവും ഉണ്ടായിട്ടുണ്ട്. വിദേശഭാഷകളിലെ സബ്‍ടൈറ്റിലുകളുള്ള വെബ് സീരീസുകൾ ആളുകൾ കാത്തിരുന്നുകാണുമെന്ന് നെറ്റ്ഫ്ലിക്സ് തെളിയിച്ചു. അതുകൊണ്ടാണ് നോവലിന് ദൃശ്യരൂപമൊരുക്കാനുള്ള അവകാശം നെറ്റ്ഫ്ലിക്സിന് നൽകിയതെന്ന് റോഡ്രിഗോ ഗാർസ്യ പറഞ്ഞു.
ആരൊക്കെയാവും ഹോസ് ആര്‍കേദിയോ ബ്വാന്തിയയും ഉർസുലയും ജിപ്സിയും അമരാന്തയും സാന്‍റ സോഫിയയും അടക്കം വായനക്കാരുടെ മനസിൽ പതിഞ്ഞ കഥാപാത്രങ്ങളായി സ്ക്രീനിലെത്തുക? അതിപ്പോൾ പറയാനുള്ള സമയം ആയിട്ടില്ലെന്ന് നെറ്റ്ഫ്ലിക്സ് സ്പാനിഷ് വൈസ് പ്രസിഡന്‍റ് ഫ്രാൻസിസ്കോ റാമോസ്. പക്ഷേ ലാറ്റിനമേരിക്കൻ സിനിമയിലെ ഏറ്റവും മികച്ച പ്രതിഭകളെ വെബ് സീരീസിൽ എത്തിക്കുമെന്ന് നെറ്റ്ഫ്ലിക്സ് ഉറപ്പുപറയുന്നു.
