ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ഒടിടി റിലീസിന് തയ്യാറെടുക്കുന്ന സിനിമകളില്‍ ഒരു മലയാള ചിത്രവുമുണ്ട്. നരണിപ്പുഴ ഷാനവാസിന്‍റെ സംവിധാനത്തില്‍ ജയസൂര്യ നായകനാവുന്ന സൂഫിയും സുജാതയുമാണ് അത്. ആമസോണ്‍ പ്രൈമിലാണ് മറ്റു ചിത്രങ്ങള്‍ക്കൊപ്പം ഈ സിനിമയും റിലീസ് ചെയ്യുക. ആമസോണ്‍ പ്രൈം തങ്ങളുടെ ഡയറക്ട് റിലീസ് ചിത്രങ്ങളുടെ പേരുകള്‍ പ്രഖ്യാപിച്ചതിനു ശേഷം മലയാള സിനിമയില്‍ ഈ വിഷയത്തില്‍ വലിയ തോതിലുള്ള സംവാദം നടന്നുകൊണ്ടിരിക്കുകയാണ്. റിലീസ് ആവാനിരിക്കുന്ന മലയാള സിനിമകളുടെ നിര്‍മ്മാതാക്കള്‍ നിലവില്‍ പൊതുവായി നേരിടുന്ന ഒരു ചോദ്യം നിങ്ങളുടെ സിനിമ ഒടിടി റിലീസിന് നല്‍കുന്നുണ്ടോ എന്നാണ്. പല നിര്‍മ്മാതാക്കളും ഇക്കാര്യത്തില്‍ തങ്ങളുടെ വിശദീകരണവുമായി എത്തുന്നുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി നായകനാവുന്ന 'വണ്‍' എന്ന സിനിമയുടെ നിര്‍മ്മാതാക്കളായ ഇച്ചായീസ് പ്രൊഡക്ഷന്‍സ്.

തങ്ങളുടെ ചിത്രം ഒടിടി റിലീസിന് നല്‍കുന്നില്ലെന്നും കൊവിഡ് ഭീതി മാറിയതിനു ശേഷം തീയേറ്റര്‍ റിലീസ് തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു.

നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കുറിപ്പ്

പ്രിയപ്പെട്ടവരെ, വൺ എന്ന സിനിമ ഒടിടി പ്ലാറ്റ്ഫോമുകള്‍ വഴി റിലീസ് ചെയ്യുന്നതല്ല എന്ന വസ്‌തുത ഔദ്യോഗികമായി അറിയിച്ചു കൊള്ളുന്നു. ലോകം നേരിടുന്ന ഈ മഹാമാരിയെ അതിജീവിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കുന്ന ഈ അവസരത്തിൽ, നമ്മൾ നേരിടുന്ന എല്ലാ വെല്ലുവിളികളെയും സധൈര്യം നേരിട്ട് മുന്നണിയിൽ നിന്ന് പോരാടുന്ന എല്ലാവരെയും കൃതജ്ഞതയോടെ ഓർക്കുന്നു. ഈ അനിശ്ചിതാവസ്ഥ മാറി വരുന്ന ഒരു സമയത്ത് തീയേറ്ററുകൾ വഴി തന്നെ വൺ റിലീസ് ചെയ്യണമെന്നാണ് ഞങ്ങൾ പ്രത്യാശിക്കുന്നത്. അത് വരെ നമുക്കെല്ലാവർക്കും സർക്കാർ അനുശാസിക്കുന്ന എല്ലാ നിർദേശങ്ങളും പാലിച്ച് സുരക്ഷിതരായി ഇരിക്കാം. ടീം വൺ !

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്‍. ബോബി-സഞ്ജയ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ കേരള മുഖ്യമന്ത്രി 'കടയ്ക്കല്‍ ചന്ദ്രന്‍റെ' വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഈ വേനലവധിക്കാലത്ത് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധി കാരണം മാറ്റിവച്ചിരിക്കുകയാണ്.