Asianet News MalayalamAsianet News Malayalam

ദേശീയ അവാര്‍ഡ് നേടിയ ആറ് സംവിധായകര്‍; 'വണ്‍ നേഷന്‍' വരുന്നു

മരക്കാറിനു പിന്നാലെ നിരവധി പ്രോജക്റ്റുകളാണ് പ്രിയദര്‍ശന്‍റേതായി പുറത്തുവരാനുള്ളത്

one nation series announced with six national award winning directors priyadarshan
Author
First Published Jan 26, 2023, 4:09 PM IST

ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള ആറ് സംവിധായകര്‍ ഒരുമിക്കുന്ന സിരീസ് വരുന്നു. വണ്‍ നേഷന്‍ എന്ന് പേരിട്ടിരിക്കുന്ന പ്രോജക്റ്റിന്‍റെ പ്രഖ്യാപനം റിപബ്ലിക് ദിനത്തില്‍ ആണ്. വിവേക് അഗ്നിഹോത്രി, പ്രിയദര്‍ശന്‍, ഡോ. ചന്ദ്ര പ്രകാശ് ദ്വിവേദി, ജോണ്‍ മാത്യു മാത്തന്‍, മജു ബൊഹറ, സഞ്ജയ് പൂരന്‍ സിംഹ് ചൌഹാന്‍ എന്നിവരാണ് സംവിധായകര്‍. ബോളിവുഡ് ചിത്രം ദ് കശ്മീര്‍ ഫയല്‍സിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ വിവേക് അഗ്നിഹോത്രിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയെ ഒരൊറ്റ രാജ്യമായി നിലനിര്‍ത്താന്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടായി ജീവിതം സമര്‍പ്പിച്ച അറിയപ്പെടാത്ത നായകരുടെ കഥകള്‍ ദേശീയ അവാര്‍ഡ് ജേതാക്കളായ ആറ് സംവിധായകര്‍ പറയും, എന്നാണ് ആറ് സംവിധായകരുടെ ചിത്രത്തിനൊപ്പം വിവേക് അഗ്നിഹോത്രി കുറിച്ചിരിക്കുന്നത്. 

ALSO READ : ഹിറ്റ് കോംബോ തിരിച്ചുവരുമ്പോള്‍; 'എലോണ്‍' റിവ്യൂ

ബോളിവുഡില്‍ കഴിഞ്ഞ വര്‍ഷം വലിയ ചര്‍ച്ചകളും വിവാദങ്ങളും സൃഷ്ടിച്ച ചിത്രമായിരുന്നു കശ്മീര്‍ ഫയല്‍സ്. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ ചിത്രം ബോക്സ് ഓഫീസില്‍ അപ്രതീക്ഷിത വിജയമാണ് നേടിയത്. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.

അതേസമയം മരക്കാറിനു പിന്നാലെ നിരവധി പ്രോജക്റ്റുകളാണ് പ്രിയദര്‍ശന്‍റേതായി പുറത്തുവരാനുള്ളത്. എം ടി വാസുദേവന്‍ നായരുടെ നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രത്തിലെ രണ്ട് ലഘു ചിത്രങ്ങള്‍, ഷെയ്ന്‍ നിഗം നായകനാവുന്ന കൊറോണ പേപ്പേഴ്സ്, ഉര്‍വ്വശി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം അപ്പാത്ത എന്നിവയൊക്കെ അദ്ദേഹത്തിന്‍റേതായി പുറത്തെത്താനുണ്ട്. നെറ്റ്ഫ്ലിക്സ് ആന്തോളജിയില്‍ പ്രിയന്‍ സംവിധാനം ചെയ്യുന്ന രണ്ട് ചിത്രങ്ങളില്‍ ഒന്നില്‍ മോഹന്‍ലാലും മറ്റൊന്നില്‍ ബിജു മേനോനുമാണ് നായകര്‍.

Follow Us:
Download App:
  • android
  • ios