Asianet News MalayalamAsianet News Malayalam

അഞ്ച് മിനിറ്റ് വീഡിയോ അയക്കൂ, പി നരേന്ദ്രനാഥിന്റെ ഓര്‍മ്മയ്ക്ക് ഓണ്‍ലൈന്‍ സംഗീത മല്‍സരം

കുഞ്ഞിക്കൂനന്‍, വികൃതി രാമന്‍, പറയിപെറ്റ പന്തിരുകുലം എന്നിങ്ങനെ കുട്ടികളുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ എഴുതിയ പി നരേന്ദ്രനാഥിന്റെ ഓര്‍മ്മയ്ക്കായാണ് മല്‍സരം. 

online music competition in memory of writer P Narendranath
Author
First Published Sep 20, 2022, 3:11 PM IST

പ്രശസ്ത ബാലസാഹിത്യകാരന്‍ പി നരേന്ദ്രനാഥിന്റെ ഓര്‍മ്മയ്ക്കായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി രണ്ടു വര്‍ഷമായി നടന്നു വരുന്ന ഓണ്‍ലൈന്‍ സംഗീത മല്‍സരം മൂന്നാം സീസണിലേക്ക്. കുഞ്ഞിക്കൂനന്‍, വികൃതി രാമന്‍, പറയിപെറ്റ പന്തിരുകുലം എന്നിങ്ങനെ കുട്ടികളുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ എഴുതിയ പി നരേന്ദ്രനാഥിന്റെ ഓര്‍മ്മയ്ക്കായാണ് മല്‍സരം. നരേന്ദ്രനാഥിന്റെ മകളും ഗസല്‍ ഗായികയുമായ സുനിത നെടുങ്ങാടിയാണ് മല്‍സരം സംഘടിപ്പിക്കുന്നത്.  

ഏഴ് വയസ്സു മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കും 15 വയസ്സു മുതലുള്ളവര്‍ക്കുമായി രണ്ട് വിഭാഗങ്ങളിലായാണ് മല്‍സരം. കുട്ടികള്‍ക്കു വേണ്ടി എഴുതുകയും അവരെ അളവില്ലാതെ സ്നേഹിക്കുകയും ചെയ്ത അച്ഛന്റെ പേരില്‍ കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കുന്ന മല്‍സരമാണ് സംഘടിപ്പിക്കുന്നതെന്ന് സുനിത നെടുങ്ങാടി പറഞ്ഞു. രണ്ടു വര്‍ഷം നടന്ന മല്‍സരങ്ങള്‍ക്ക് അഭുതപൂര്‍ണമായ പ്രതികരണമാണ് ലോകത്തിന്റെ നാനാഭാഗത്തുനിന്നും ലഭിച്ചത്. മത്സരം കഴിയുന്നത്ര തുടര്‍ന്നു കൊണ്ടുപോകാനാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു. 

 

online music competition in memory of writer P Narendranath


പി നരേന്ദ്രനാഥ്
1934-ല്‍ പട്ടാമ്പിക്കടുത്ത് നെല്ലായഗ്രാമത്തില്‍ ജനിച്ച നരേന്ദ്രനാഥ്  1991 നവംബര്‍ 3-നാണ് വിടപറഞ്ഞത്. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന നരേന്ദ്രനാഥ് പതിനെട്ടാം വയസ്സിലാണ് ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത്. ആദ്യ ബാലസാഹിത്യകൃതിയായ വികൃതിരാമന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. കുഞ്ഞിക്കൂനന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അവാര്‍ഡും അന്ധഗായകന് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുരസ്‌കാരവും ലഭിച്ചു. വികൃതിരാമന്‍, കുഞ്ഞിക്കൂനന്‍, അന്ധഗായകന്‍ എന്നീ കൃതികള്‍ക്ക് ഹിന്ദി, തമിഴ് പരിഭാഷകള്‍ ഉണ്ടായിട്ടുണ്ട്. നോവലുകളും നാടകങ്ങളും ബാലസാഹിത്യവുമായി 30-ല്‍ പരം കൃതികളുടെ കര്‍ത്താവാണ്. 

ഗസല്‍ ഗായികയായി അറിയപ്പെടുന്ന സുനിത നെടുങ്ങാടി നടി എന്ന നിലയിലും ശ്രദ്ധേയയാണ്. കര്‍ണാടകസംഗീതത്തില്‍ നിന്നാണ് ഗസലുകളുടെ വഴിയിലേക്ക് സഞ്ചരിച്ചത്. അവധൂത് ഗുപ്തെ, ആസിന്‍ അലി എന്നിവരാണ് ഗുരുക്കന്മാര്‍. സുനിതയുടെ നേതൃത്വത്തിലുള്ള സാഹിതി, ലയ എന്നീ ഗ്രൂപ്പുകള്‍ ഇന്ത്യയ്ക്കകത്തും പുറത്തും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി സിനിമകള്‍ക്കു വേണ്ടിയും പാടിയിട്ടുണ്ട്. സൂഫി പറഞ്ഞ കഥ, നിലാവ്, ജാനകി, തൊഴില്‍കേന്ദ്രത്തിലേക്ക്, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, ഞാന്‍ നിന്നോട് കൂടെയുണ്ട് എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചു. കൃഷ്ണ കാലേയ ലീല (രമേശ് നാരായണന്‍) സന്ധ്യാവന്ദനം (കെ. രാഘവന്‍), പുലരി, വേഴാമ്പല്‍, ഗതകാലസ്മരണകള്‍, എന്റെ ഗുരുവായൂരപ്പന്‍, തന്‍ഹ, യാദ് എന്നിങ്ങനെ സുനിതയുടെ സംഗീത ആല്‍ബങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

 

online music competition in memory of writer P Narendranath

സുനിത നെടുങ്ങാടി

 

മല്‍സരത്തില്‍ പങ്കെടുക്കാന്‍ ചെയ്യേണ്ടത് ഇതാണ്: 

നിങ്ങളുടെ ഇഷ്ടഗാനം പാടി അതിന്റെ വീഡിയോ 8157836427 എന്ന നമ്പറിലേക്ക് വാട്ട്സാപ്പ് ചെയ്യുക.
വീഡിയോ അയക്കുമ്പോള്‍ പേരും വയസും പ്രത്യേകം എഴുതണം. 
വീഡിയോകള്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യും. 
പ്രഗല്‍ഭരായ സംഗീതജ്ഞരായിരിക്കും വിധിനിര്‍ണയം. 
വീഡിയോ അയക്കേണ്ട അവസാന തീയതി 2022 സെപ്റ്റംബര്‍ 30.

നിബന്ധനകള്‍: 
സിനിമാഗാനങ്ങളും ലളിതഗാനങ്ങളും ഉള്‍പ്പെടെ ഏതു ഭാഷയിലും ഏതു വിഭാഗത്തിലുംപെട്ട ഗാനങ്ങള്‍ ആലപിക്കാം. സമയപരിധി അഞ്ച് മിനിറ്റില്‍ കൂടാന്‍ പാടില്ല. കരോക്കെ ഉപയോഗിച്ചും അല്ലാതെയും പാടാം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്തിരിക്കണം.


സമ്മാനം: 
ഒന്നാം സ്ഥാനം: 15000 രൂപ. 
രണ്ടാം സമ്മാനം: 7500 രൂപ. 
മൂന്നാം സമ്മാനം: 2500 രൂപ. 
കൂടാതെ, പ്രോത്സാഹന സമ്മാനങ്ങളും നേടാം.
 

Follow Us:
Download App:
  • android
  • ios