മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തോടെ വിവാദങ്ങളിലാണ് സുഹൃത്തും നടിയുമായ റിയ ചക്രബര്‍ത്തി. സുശാന്തിന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം റിയയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. എട്ടുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് റിയ മടങ്ങിയത്. സുശാന്തിന്റെ പണം റിയ അപഹരിച്ചിട്ടുണ്ടെന്നാണ് സുശന്തിന്റെ അച്ഛന്‍ കെ കെ സിംഗ് നല്‍കിയ പരാതിയില്‍ പറയുന്നത്.

എന്നാല്‍ സുശാന്തിന്റേതായി തന്റെ പക്കല്‍ രണ്ടുവസ്തുക്കള്‍ മാത്രമേ ഉള്ളൂവെന്നാണ് റിയ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് അയച്ച ഫോട്ടോ അടക്കമുള്ള സന്ദേശത്തില്‍ പറയുന്നത്. '' സുശാന്തിന്റേതായി ഞാന്‍ സൂക്ഷിച്ചിരിക്കുന്ന ഒരേയൊരു വസ്തു,'' എന്ന കുറിപ്പോടെയാണ് രണ്ട് ചിത്രങ്ങള്‍ റിയ തന്റെ അഭിഭാഷകന്‍ മുഖാന്തിരം പങ്കുവച്ചത്.

2019ല്‍ സുശാന്ത് അഭിനയിച്ച ഛിഛോര്‍ എന്ന ചിത്രത്തിലെ വാട്ടര്‍ ബോട്ടില്‍ ആണ് അത്. മറ്റൊന്ന് റിയയുടെഡയറിയില്‍ സുശാന്ത് എഴുതിയ വാക്കുകളാണ്. റിയ പങ്കുവച്ച ഫോട്ടോയില്‍ റിയയുടെ ഡയറിയില്‍ നന്ദി അറിയിച്ച് സുശാന്ത് എഴുതിയ ഏഴ് കാര്യങ്ങളാണ് ഉള്ളത്. 
 
അതേസമയം സുശാന്തിന്റെ പണം താന്‍ ഉപയോഗിച്ചിട്ടില്ലെന്നും തന്റെ ചിലവുകള്‍ സ്വന്തം വരുമാനംകൊണ്ടാണ് നടത്തിയിരുന്നതെന്നും റിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കി. സുശാന്തിന്റെ പണം റിയ കൈവശപ്പെടുത്തിയെന്ന് ചുണ്ടിക്കാട്ടിയാണ് സുശാന്തിന്റെ പിതാവ് കെ കെ സിംഗ് പരാതി നല്‍കിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് എട്ട് മണിക്കൂറോളം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ റിയയെ ചോദ്യം ചെയ്തത്.

റിയ 15 കോടി രൂപ തട്ടിയെടുത്തുവെന്നായിരുന്നു കെ കെ സിംഗ് പരാതിയില്‍ ഉന്നയിച്ച ആരോപണം. സുശാന്തിന്റെ മൂന്ന് കമ്പനികളിലൊന്നില്‍ റിയ പങ്കാളിയായിരുന്നു. ഒരു ലക്ഷം രൂപ മാത്രമാണ് ഇതിനായി താന്‍ മുതല്‍ മുടക്കിയതെന്നും റിയ പറഞ്ഞു.

റിയയുടെ പേരില്‍ വാങ്ങിയ ഫ്‌ളാറ്റിന് 60 ലക്ഷം രൂപ ലോണ്‍ എടുത്തിട്ടുണ്ടെന്നും ഇതില്‍ 25 ലക്ഷം രൂപ താന്‍ സ്വന്തം വരുമാനം കൊണ്ട് വീട്ടിയെന്നും റിയ പറഞ്ഞു.റിയയുടെ പിതാവ് ഇന്ദ്രജിത്ത് ചക്രവര്‍ത്തിയെ ഓഗസ്റ്റ് 10 ന് ചോദ്യം ചെയ്യും. സഹോദരന്‍ ഷോവിക്കിനെ ഓഗസ്റ്റ് ഏഴിന് ചോദ്യം ചെയ്തു. റിയയെ വീണ്ടും ചോദ്യം ചെയ്യുമെന്നും തിയതി തീരുമാനിച്ചിട്ടില്ലെന്നുമാണ് അറിയുന്നത്.