പുരസ്കാര നിർണയ സമിതിയുടെ നിർദ്ദേശപ്രകാരമാണ് പുന:പരിശോധന. വൈരമുത്തുവിന് പുരസ്കാരം നല്‌‍കിയതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. 

തിരുവനന്തപുരം: ഒഎൻവി സാഹിത്യപുരസ്കാരം കവി വൈരമുത്തുവിന് നൽകിയത് പുന:പരിശോധിക്കാൻ തീരുമാനം. പുരസ്കാര നിർണയ സമിതിയുടെ നിർദ്ദേശപ്രകാരമാണ് പുന:പരിശോധന. വൈരമുത്തുവിന് പുരസ്കാരം നല്‌‍കിയതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. 

വൈരമുത്തുവിനെതിരെ മീ ടു ആരോപണം ഉയർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. പുരസ്കാരം നൽകിയതിനെതിരെ നിരവധി സാംസ്കാരിക, സിനിമാ പ്രവർത്തകർ രം​ഗത്തെത്തിയിരുന്നു. കുറ്റാരോപിതനെ ആദരിക്കുന്നത് പുനരാലോചിക്കണമെന്നും കല ഒരിക്കലും പീഡനങ്ങൾക്കുള്ള മറയാകരുതെന്നും മലയാള സിനിമയിലെ സ്ത്രീശാക്തീകരണ സംഘടനയായ ഡബ്ല്യുസിസി അഭിപ്രായപ്പെട്ടിരുന്നു. ഒഎൻവി കൾച്ചറൽ അക്കാദമിയുടെ സാഹിത്യ പുരസ്കാരത്തിനായി വൈരമുത്തുവിനെ തിരഞ്ഞെടുത്തതിനെ വിമർശിച്ച ഡബ്ല്യുസിസി തീരുമാനത്തെ അപലപിക്കുകയും ചെയ്തു. 

നടി പാര്‍വ്വതി തിരുവോത്ത്, എഴുത്തുകാരി കെ ആർ മീര, തമിഴ് കവിയും ആക്റ്റിവിസ്റ്റുമായ മീന കന്ദസാമി, ഗായിക ചിന്മയി ശ്രീപാദ തുടങ്ങി നിരവധി പേര്‍ മി ടൂ ആരോപണം ഉന്നയിക്കപ്പെട്ടയാള്‍ക്ക് ഒഎന്‍വി പുരസ്‍കാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. "പതിനേഴ് സ്‍ത്രീകൾ അവരുടെ കഥ വെളിപ്പെടുത്തിയിരുന്നു. എത്രപേർക്ക് അന്യായം സംഭവിച്ചുവെന്ന് ഞങ്ങൾക്ക് അറിയില്ല. അന്യായം ചെയ്യപ്പെടുന്നവരോട് തെറ്റ് ചെയ്യുന്നത് തുടരുകയാണ്.

അധികാരത്തിലിരിക്കുന്നവരുടെ പ്രശസ്‍തി ഉയർത്തിപ്പിടിക്കാൻ മാത്രം. മാനവികതയേക്കാൾ പ്രാധാന്യമൊന്നുമില്ല. ആർട്ട് vs ആർട്ടിസ്റ്റ് ചര്‍ച്ചയുമായി നിങ്ങൾ എന്നെ സമീപിക്കുകയാണെങ്കിൽ, കലയെ സൃഷ്‍ടിക്കുന്ന വ്യക്തിയുടെ മാനവികത മാത്രമാണ് ഞാൻ തെരഞ്ഞെടുക്കുകയെന്ന് പറയട്ടെ പൊള്ളയായവരുടെ 'കല' ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയും. ഇതിനെ എങ്ങനെ ന്യായീകരിക്കും? #adoorgopalakrishnan ഉം ജൂറിയും വൈരമുത്തുവിനെ അവാര്‍ഡിന് തെരഞ്ഞെടുത്തതിനെ." എന്നായിരുന്നു പാര്‍വ്വതി തിരുവോത്ത് പ്രതികരിച്ചത്. 

Read Also: വൈരമുത്തുവിന്‍റെ ഒഎന്‍വി പുരസ്‍കാരം; അടൂരിന്‍റെ പ്രതികരണത്തിനെതിരെ കെ ആര്‍ മീര...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona