.കാസർകോട് ദേശവും ഭാഷയും സൗന്ദര്യത്തോടെ നിറയുന്ന മറ്റൊരു നല്ല സിനിമയാണ് ഇതെന്ന്  അംബികാസുതൻ മാങ്ങാട് സൂചിപ്പിക്കുന്നു. 

കാസര്‍കോട്: സുബീഷ് സുധിയെ നായകനാക്കി ടി.വി. രഞ്ജിത് സംവിധാനം ചെയ്ത ഒരു സർക്കാർ ഉത്പന്നം എന്ന ചിത്രം മാര്‍ച്ച് 8നാണ് റിലീസ് ആയത്. ചിത്രം മികച്ച പ്രതികരണമാണ് ഉണ്ടാക്കുന്നത്. ഇപ്പോള്‍ ചിത്രത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് സാഹിത്യകാരന്‍ അംബികാസുതൻ മാങ്ങാട്.കാസർകോട് ദേശവും ഭാഷയും സൗന്ദര്യത്തോടെ നിറയുന്ന മറ്റൊരു നല്ല സിനിമയാണ് ഇതെന്ന് അംബികാസുതൻ മാങ്ങാട് സൂചിപ്പിക്കുന്നു. ശക്തമായ രാഷ്ട്രീയവും ചിരികൾക്കിടയിൽ ആഖ്യാനിക്കുന്നുണ്ടെന്നും സാഹിത്യകാരന്‍ പറയുന്നു.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ആദ്യമായിട്ടാണ് ഒരു സിനിമ കണ്ട് പോസ്റ്റ് ഇടുന്നത്. ഒരു സർക്കാർ ഉല്പന്നം എന്ന സിനിമ
അത്ര ഇഷ്ടപ്പെട്ടു. പണവും സമയവും നഷ്ടമാവില്ല. ഞാൻ ഗ്യാരണ്ടി. ഈയിടെ രണ്ട് മഹാസിനിമകൾ കണ്ട് ചമ്മിയതാണ്. സംശയിച്ചാണ് കേറി പോയത്. എന്നാൽ സമയം പോയതറിഞ്ഞില്ല. നർമ്മവും കണ്ണീരും നിറഞ്ഞ ഹൃദയ സപർശിയായ ജീവിതകഥ. ശക്തമായ രാഷ്ട്രീയവും ചിരികൾക്കിടയിൽ ആഖ്യാനിക്കുന്നുണ്ട്.

കാസർകോട് ദേശവും ഭാഷയും സൗന്ദര്യത്തോടെ നിറയുന്ന മറ്റൊരു നല്ല സിനിമ. രണ്ടേ രണ്ടു വരിയിൽ എൻഡോസൾഫാൻ ദുരന്തം ശക്തമായും കൃത്യമായും പറയുന്നുണ്ട് ഒരിടത്ത്. സിനിമയുടെ അണിയറയിലുള്ള എല്ലാവരേയും അഭിനന്ദിക്കുന്നു.

പിന്നെ നിസാം റാവുത്തർ. ഈ സിനിമയുടെ കഥയും തിരക്കഥയും. താൻ പ്രാണൻ നൽകി ഉണ്ടാക്കിയ സിനിമ .കാണാൻ പ്രിയ കൂട്ടുകാരൻ കാത്തു നിൽക്കാതെ മിനിഞ്ഞാന്ന് തിരശീലയുടെ പിന്നിലേക്ക് പൊയ്ക്കളഞ്ഞു...

സിനിമ കണ്ട് ജനങ്ങൾ കയ്യടിക്കുമ്പോൾ അത് കാണാനും കേൾക്കാനും നീ അരികിൽ ഉണ്ടായിരുന്നെങ്കിൽ.ഓർക്കുമ്പോൾ വല്ലാതെ സങ്കടം തികട്ടി വരുന്നുണ്ട്.

ടി വി രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത് ജഗന്നാഥൻ, ടി വി കൃഷ്ണൻ തുരുത്തി, രഘുനാഥൻ കെ സി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ഷെല്ലിയാണ് നായിക. അജു വർഗീസ്, ഗൗരി ജി കിഷൻ, ദർശന എസ് നായർ, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവൻ, ലാൽ ജോസ്, ഗോകുലൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. നിസാം റാവുത്തർ ആണ് തിരക്കഥ ഒരുക്കിയത്.