കോവിഡിന് ശേഷം നിർമ്മാതാക്കളുടെ പ്രധാന വരുമാന മാർഗ്ഗമായിരുന്ന ഒടിടി പ്ലാറ്റ്‌ഫോമുകൾ ഇപ്പോൾ കടുത്ത നിബന്ധനകൾ വെക്കുകയും കുറഞ്ഞ തുക വാഗ്ദാനം ചെയ്യുകയുമാണ്. പ്രതിസന്ധി തെലുങ്കിലേക്കും

ഒടിടി പ്ലാറ്റ്‍ഫോമുകള്‍ ലോകത്ത് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ കാലമായിരുന്നു കൊവിഡ് സമയം. ഇന്ത്യയിലും അങ്ങനെ തന്നെ. ലോക്ക്ഡൗണ്‍ കാരണം തിയറ്ററുകള്‍ അടഞ്ഞുകിടന്ന നീണ്ട കാലയളവില്‍ പ്രേക്ഷകര്‍ക്ക് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ പുതിയ അനുഭവം തുറന്നുകൊടുത്തു ഒടിടി. നിര്‍മ്മാതാക്കള്‍ക്ക് ഒരു പുതിയ വരുമാന വഴി എന്നതിനപ്പുറം പ്രധാന റെവന്യൂ സോഴ്സ് പോലുമായിരുന്നു ഒടിടി. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം സാഹചര്യം പൂര്‍ണ്ണമായും മാറിയിരിക്കുന്നു. വരുമാന വഴികളില്‍ ഒന്ന് എന്ന നിലയില്‍ ഒടിടി ഇപ്പോഴും നിര്‍മ്മാതാക്കള്‍ക്ക് പ്രധാനമാണെങ്കിലും അവര്‍ പ്രതീക്ഷിക്കുന്നതോ മുന്‍പ് കിട്ടിക്കൊണ്ടിരുന്നതോ ആയ തുക സ്ട്രീമിം​ഗ് പ്ലാറ്റ്‍ഫോമുകള്‍ നല്‍കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഒടിടി പ്രതിസന്ധി ആദ്യം തിരിച്ചറിഞ്ഞത് മലയാള സിനിമയിലെ നിര്‍മ്മാതാക്കള്‍ ആണെങ്കില്‍ ഇപ്പോഴിതാ മറ്റ് ഭാഷകളിലും സമാന സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുകയാണ്. തെലുങ്ക് സിനിമ നേരിടുന്ന ഒടിടി പ്രതിസന്ധിയാണ് സിനിമാ മേഖലയിലെ പുതിയ വാര്‍ത്ത.

ബാഹുബലി അനന്തരം പാന്‍ ഇന്ത്യന്‍ പരിവേഷം ഉണ്ടാക്കിയെടുത്ത തെലുങ്ക് സിനിമയിലെ പ്രധാന ചിത്രങ്ങള്‍ക്ക് ഇന്ന് ഇന്ത്യ മുഴുവന്‍ പ്രേക്ഷകരുണ്ട്. ബോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്നതോ പലപ്പോഴും അതിന് മുകളില്‍ നില്‍ക്കുന്നതോ ആയ ഒടിടി ഡീലുകളാണ് തെലുങ്ക് സിനിമകള്‍ക്ക് പോയ നാളുകളില്‍ കിട്ടിക്കൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ സാഹചര്യം മാറിയിരിക്കുന്നു. ബാഹുബലി താരം പ്രഭാസിന്‍റെ പുതിയ ചിത്രത്തിന് പോലും പ്രതീക്ഷിച്ച ഒരു ഡീല്‍ ക്ലോസ് ചെയ്യാന്‍ സാധിക്കുന്നില്ല എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരിയില്‍ എത്താനിരിക്കുന്ന പ്രഭാസ് ചിത്രം രാജാസാബിന്‍റെ നിര്‍മ്മാതാക്കള്‍ ചിത്രത്തിന്‍റെ തിയറ്റര്‍ ഇതര റെവന്യൂ ആയി 200- 250 കോടിയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അതില്‍ പ്രധാന വിഹിതം വഹിക്കേണ്ട ഒടിടി റൈറ്റ്സ് കനത്ത ഇടിവ് രേഖപ്പെടുത്തുന്നതിനാല്‍ അത് നിലവില്‍ പ്രതീക്ഷിക്കാനാവാത്ത ഒരു ലക്ഷ്യമാണെന്ന് ​ഗ്രേറ്റ് ആന്ധ്ര റിപ്പോര്‍ട്ട് ചെയ്യുന്നു.

സിനിമകളുടെ താരമൂല്യത്തേക്കാള്‍ ഉള്ളടക്കത്തിനാണ് സ്ട്രീമിം​ഗ് പ്ലാറ്റ്‍ഫോമുകള്‍ നിലവില്‍ പ്രധാന്യം കൊടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം പല പുതിയ നിബന്ധനകളും നിര്‍മ്മാതാക്കള്‍ക്ക് മുന്നില്‍ ഇവര്‍ വെക്കുന്നുണ്ട്. തിയറ്റര്‍ റിലീസില്‍ ഒരു നിശ്ചിത തുക ബോക്സ് ഓഫീസ് ​ഗ്രോസ് ആയി നേടണമെന്നതാണ് ഒരു പ്രധാന നിബന്ധന. ഇതിന് സാധിക്കാത്തപക്ഷം ഒടിടി ഡീലിലെ തുകയും കുറയും. രാജാസാബ് കൂടാതെ തെലുങ്കിലെ പ്രധാന അപ്കമിം​ഗ് പ്രോജക്റ്റുകളായ ബാലയ്യ നായകനാവുന്ന അഖണ്ഡ 2, ചിരഞ്ജീവിയുടെ മന ശങ്കര വര പ്രസാദ് ​ഗാരു, നവീന്‍ പോളിഷെട്ടിയുടെ അന​ഗണ​ഗ ഒക്ക രാജു, രവി തേജയുടെ കിഷോര്‍ തിരുമല സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത ചിത്രം ഇവയില്‍ ഒരേയൊരു ചിത്രത്തിനാണ് ഇതിനകം ഒടിടി ഡീല്‍ ക്ലോസ് ചെയ്യാനായത്. അന​ഗണ​ഗ ഒക്ക രാജുവാണ് അത്. നിര്‍മ്മാതാക്കളായ സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് നെറ്റ്ഫ്ലിക്സുമായി ഒപ്പിട്ടിരിക്കുന്ന പല ചിത്രങ്ങള്‍ ചേര്‍ന്നുള്ള ഒരു കരാര്‍ മാത്രമാണ് അത്. സിനിമകളുടെ വിജയത്തിന് തിയറ്റര്‍ വരുമാനത്തെത്തന്നെ ആശ്രയിക്കേണ്ട സാഹചര്യമാണ് മറ്റ് ഭാഷാ സിനിമകളിലും സംജാതമാവുന്നത്. മികച്ച ബോക്സ് ഓഫീസില്‍ വിജയം നേടുന്നപക്ഷം ഒടിടി ഡീലിലും അതിന്‍റേതായ നേട്ടം ലഭിക്കും. തെലുങ്ക് അടക്കമുള്ള ഭാഷകളിലെ മുന്നോട്ടുള്ള പ്രോജക്റ്റുകളുടെ ആലോചനയില്‍ ഇപ്പോഴത്തെ ഒടിടി പ്രതിസന്ധി സ്വാധീനം ചെലുത്തും.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്