സീ 5 ലൂടെ ആവും ബസൂക്ക എത്തുക

പുതിയ കാലത്ത് ശ്രദ്ധേയ സിനിമകളുടെ തിയറ്റര്‍ റണ്‍ കഴിഞ്ഞാല്‍ അവയുടെ ഒടിടി റിലീസിനായി പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. ഔദ്യോ​ഗിക അറിയിപ്പുകള്‍ ഒന്നും അതേപ്പറ്റി ഉണ്ടാവാത്തപക്ഷം സോഷ്യല്‍ മീഡിയയില്‍ അടക്കം അതേക്കുറിച്ച് ആളുകള്‍ ചര്‍ച്ച ചെയ്യാറുമുണ്ട്. മമ്മൂട്ടിയുടെ അവസാനത്തെ രണ്ട് ചിത്രങ്ങളെക്കുറിച്ച് അത്തരത്തില്‍ പ്രേക്ഷക ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ റിലീസുകളായ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്, ബസൂക്ക എന്നീ ചിത്രങ്ങളെക്കുറിച്ചായിരുന്നു അത്. ഈ രണ്ട് ചിത്രങ്ങളുടെ ഒടിടി റിലീസിനെക്കുറിച്ചും അനൗദ്യോ​ഗിക റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നുവെങ്കിലും ചിത്രങ്ങള്‍ ഇതുവരെ ഒടിടിയില്‍ എത്തിയിട്ടില്ല. ഔദ്യോ​ഗിക പ്രഖ്യാപനങ്ങളും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബസൂക്കയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ആയിരുന്ന ബാദുഷ എന്‍ എം.

ബസൂക്കയുടെ ഒടിടി ഡീല്‍ സീ 5 മായി ക്ലോസ് ചെയ്തെന്ന് നേരത്തെ അനൗദ്യോ​ഗിക റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇത് സംബന്ധിച്ച എക്സ് പോസ്റ്റുകള്‍ പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയലിലൂടെ ഇത് ശരിവെക്കുകയാണ് ബാദുഷ. ബസൂക്കയുടെ ഒടിടി ഡീല്‍ സീ 5 മായി ഉറപ്പിച്ചിട്ടുണ്ടെന്ന് പറയുന്ന അദ്ദേഹം മറ്റൊന്നുകൂടി പറയുന്നുണ്ട്. ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സിന്‍റെ ഒടിടി ഡീല്‍ വൈകാതെ സംഭവിക്കുമെന്നും.

മമ്മൂട്ടിയുടെ വിഷു റിലീസ് ആയിരുന്നു ബസൂക്ക. ഡീനോ ഡെന്നീസ് ആണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

അതേസമയം ഗൗതം വസുദേവ് മേനോന്‍ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം എന്ന നിലയില്‍ ശ്രദ്ധ നേടിയ പ്രോജക്റ്റ് ആയിരുന്നു ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്. ജനുവരി 23 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്.

Asianet News Live | Singapore Cargo Ship | Nilambur Bypoll| Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്