പൃഥ്വിരാജ് നായകനാവുന്ന കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ് ഗോപി ചിത്രത്തിനായി പകർപ്പവകാശം ലംഘിച്ച് പകർത്തി എന്നാണ് ആരോപണം
തങ്ങളുടെ ചിത്രം വിലക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒറ്റക്കൊമ്പന്‍ (Ottakomban) സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജി സുപ്രീം കോടതി (Supreme Court) തള്ളി. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയാണ് നായകന്‍. പൃഥ്വിരാജ് നായകനാവുന്ന ഷാജി കൈലാസ് ചിത്രം കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം നല്‍കിയ പകര്‍പ്പവകാശ കേസിനെതിരെ ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്‍തുകൊണ്ട് ഒറ്റക്കൊമ്പന്‍റെ അണിയറക്കാര്‍ കൊടുത്ത ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്.
ഒറ്റക്കൊമ്പനെതിരെ ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ള കേസില്‍ നിലവില്‍ ഇടപെടേണ്ടതില്ലെന്ന് തീരുമാനിച്ച സുപ്രീം കോടതി വിചാരണ വേഗത്തിലാക്കാന്‍ വിചാരണക്കോടതിയോട് നിര്‍ദേശിക്കുകയും ചെയ്‍തു. ഇരു കക്ഷികളുടെയും സഹകരണത്തോടെ കേസ് ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കണമെന്നും സുപ്രീം കോടതിയുടെ ഉത്തരവില്‍ ആവശ്യപ്പെടുന്നു. പകര്‍പ്പവകാശ ആരോപണത്തിന് ഇടയാക്കിയ തിരക്കഥയുടെ നിര്‍മ്മാണ ജോലികളില്‍ നിന്നും ഒപ്പം ഈ ചിത്രം നിര്‍മ്മിക്കുന്നതില്‍ നിന്നും റിലീസ് ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കാനും ആവശ്യപ്പെട്ടുകൊണ്ടുള്ള ജില്ലാ കോടതിയുടെ ഉത്തരവ് 2021 ഏപ്രിലില്‍ ഹൈക്കോടതി ശരിവച്ചിരുന്നു.
പൃഥ്വിരാജ് നായകനാവുന്ന കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ് ഗോപി ചിത്രത്തിനായി പകർപ്പവകാശം ലംഘിച്ച് പകർത്തി എന്നാണ് ആരോപണം. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. 'കടുവാക്കുന്നേൽ കുറുവച്ചൻ' എന്ന കഥാപാത്രത്തിന്‍റെ പേര് പകര്‍പ്പവകാശ നിയമപ്രകാരം രജിസ്റ്റർ ചെയ്‍തതിന്‍റെ രേഖകളടക്കം ഹർജിഭാഗം മുന്‍പ് കോടതിയിൽ ഹാജരാക്കിയിരുന്നു. കഥാപാത്രത്തിന്‍റെ പേരടക്കം 'കടുവ'യുടെ തിരക്കഥയുടെ എല്ലാ രംഗങ്ങളും പ്രത്യേകം രജിസ്റ്റർ ചെയ്തിട്ടുള്ളതായും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം കടുവ റിലീസിന് ഒരുങ്ങുകയാണ്. കരിയറിലെ ഒരു ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യം പ്രഖ്യാപിച്ച ചിത്രമാണിത്. പ്രതിനായകനായി വിവേക് ഒബ്റോയ് എത്തുന്നു എന്നതും പ്രത്യേകതയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്‍ത ലൂസിഫറിനു ശേഷം വിവേക് അഭിനയിക്കുന്ന മലയാളചിത്രവുമാണിത്. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം സുജിത്ത് വാസുദേവ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരാണ് നിര്‍മ്മാണം. എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുന്നത്. കടുവ കൂടാതെ മോഹന്‍ലാല്‍ നായകനാവുന്ന ആശിര്‍വാദ് ചിത്രം എലോണ്‍ ആണ് മറ്റൊന്ന്. ഇതിന്‍റെ ചിത്രീകരണം ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയായിരുന്നു.
