സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇതോടെ, ഒരു പവൻ സ്വർണത്തിന് 1,14,400 രൂപയായി. പവന് 400 രൂപ കുറഞ്ഞു. ഇറക്കുമതി ചുങ്കം വർദ്ധിപ്പിച്ചതിനെതിരെയുള്ള ആശങ്കകളും കള്ളക്കടത്ത് വർധിക്കാനുള്ള സാധ്യതയും വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു. പ്രധാനമന്ത്രിയുടെ സ്വർണം വാങ്ങുന്നത് ഒഴിവാക്കാനുള്ള ആഹ്വാനവും ഇതിന് പിന്നിലുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്നേക്ക് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 1,14,400 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 14,300 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണ വില 10,200 രൂപയോളം വിലവർധിച്ചിരുന്നു. ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വ‍‌ർണ വില 1,23,120 ആയി രേഖപ്പെടുത്തി. പിന്നീട് ഇന്നലെയും ഇന്നുമെല്ലാം സ്വ‍ർണ വിലയിങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

അതേ സമയം, കേന്ദ്രസർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെതിരെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ രംഗത്ത് വന്നു. സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം 6% ത്തിൽ നിന്നും 15% ആയി വർദ്ധിപ്പിച്ചത് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും സ്വാഭാവികമായി കള്ളക്കടത്ത് വർദ്ധിക്കുന്നതിന് ഇത് കാരണമാകുമെന്ന് വിശദീകരണം. നേരത്തെ 15 ശതമാനം ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോഴാണ് ഇന്ത്യയിലേക്ക് ആയിരം ടൺ സ്വർണം ഇറക്കുമതി ചെയ്തത്. 6% ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോൾ 800 ടണ്ണിൽ താഴെയാണ് ഇറക്കുമതിയെന്നും കെജിഎസ്എംഎ (KGSMA) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ നാസർ, പ്രസിഡന്റ് കെ.സുരേന്ദ്രൻ, ട്രഷറർ കൃഷ്ണദാസ്. സി.വി എന്നിവർ പറഞ്ഞു. ഒരു കിലോ സ്വർണം കള്ളക്കടത്തായി കൊണ്ടുവന്നാൽ 20 ലക്ഷം രൂപയ്ക്ക് മുകളിൽ ലാഭമാണ് ലഭിക്കുകയെന്നും കള്ളക്കടത്ത് സ്വർണം സമാന്തര വിപണിയിലേക്ക് ഇറങ്ങുന്നത് വഴി മൂന്നു ശതമാനം ജിഎസ്ടി കൂടി കൂട്ടിയാൽ 24 ലക്ഷം രൂപയുടെ ലാഭമാണ് കള്ളക്കടത്തുകാർക്ക് ഉണ്ടാവുകയെന്നും അവ‍ർ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ ആഹ്വാനം

സ്വർണത്തിന്‍റെ ഇറക്കുമതി നിയന്ത്രിക്കുന്നതിന്‍റെ ഭാഗമാണ് സ്വർണത്തിന്റെയും വെള്ളിയുടെയും തീരുവ ഉയർത്തിയത്. ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനും രൂപയുടെ മൂല്യം ഉയർത്തുന്നതിനുമാണ് പുതിയ നിയന്ത്രണങ്ങൾ. രാജ്യത്ത് സ്വർണ ഉപഭോഗത്തിന്റെ ഭൂരിഭാഗവും ഇറക്കുമതിയിലൂടെയാണ്. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണാഭരണങ്ങൾ വാങ്ങുന്നത് ഒഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഞായറാഴ്ച ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. സുരക്ഷിതമായ നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള താല്പര്യം രാജ്യത്ത് വർദ്ധിച്ചുവരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടായത്.

ഈ മാസത്തെ സ്വർണ വില ഒറ്റനോട്ടത്തിൽ

മെയ് 1- രാവിലെ 1,11,720 രൂപ | ഉച്ചക്ക് 1,10,280 രൂപ, വൈകീട്ട് 1,09,720 രൂപ

മെയ് 2- 1,10,680 രൂപ

മെയ് 3- 1,10,680 രൂപ

മെയ് 4- രാവിലെ 1,10,680 രൂപ| ഉച്ചയ്ക്ക് 1,09,720 രൂപ

മെയ് 5- 1,09,400 ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

മെയ് 6- രാവിലെ 1,10,960 രൂപ, ഉച്ചയ്ക്ക് 1,11,560 രൂപ

മെയ് 7- രാവിലെ 1,11,800 രൂപ| ഉച്ചയ്ക്ക് 1,12,200 രൂപ

മെയ് 8- 1,11,960 രൂപ

മെയ് 9- 1,11,720 രൂപ

മെയ് 10- 1,11,720 രൂപ

മെയ് 11- രാവിലെ 1,11,560 രൂപ| വൈകീട്ട് 1,12,520 രൂപ

മെയ് 12- 1,12,920 രൂപ

മെയ് 13- രാവിലെ 1,23,220 രൂപ ( ഈ മാസത്തെ ഏറ്റവും ഉയർന്ന വില)| ഉച്ചയ്ക്ക് 1,18,800 രൂപ

മെയ് 14- 1,19,040 രൂപ

മെയ് 15- രാവിലെ 1,17,400 രൂപ| ഉച്ചയ്ക്ക് 1,15,600 രൂപ

മെയ് 16- 1,14,800 രൂപ

മെയ് 17- 1,14,800 രൂപ

മെയ് 18- 1,14,400 രൂപ