വിവാഹ വേദിയിൽ വെച്ച് ലിബിനെക്കുറിച്ച് റിമി പറഞ്ഞ വാക്കുകളും ശ്രദ്ധയാകര്‍ഷിക്കുകയാണ്.

അടുത്തിടെയായിരുന്നു മലയാളികളുടെ പ്രിയഗായിക റിമി ടോമിയുടെ വിവാഹം. മുംബൈ മലയാളിയും ബോഡി ബിൽഡറുമായ ലിബിനെയാണ് റിമി വിവാഹം ചെയ്തത്. മുംബൈയിലെ ഡോംബിവില്ലിയിൽ വെച്ചായിരുന്നു ചടങ്ങുകൾ. ഇപ്പോഴിതാ വിവാഹ വേദിയിൽ വെച്ച് ലിബിനെക്കുറിച്ച് റിമി പറഞ്ഞ വാക്കുകളും ശ്രദ്ധയാകര്‍ഷിക്കുകയാണ്.

''ലിബിൻ ഭയങ്കരമായി ടേക്ക് കെയർ ചെയ്യുന്ന ആളാണ്. നമ്മുടെ മനസറിയുന്ന ആളാണ്. നമ്മുടെ മനസിൽ ഒരു വിഷമം ഉണ്ടെങ്കിൽ അത് പറയുന്നതിനു മുൻപേ കണ്ടുപിടിക്കും. ഒരു കോച്ച് കൂടി ആയതുകൊണ്ടായിരിക്കാം. എല്ലാം നന്നായി ടേക്ക് കെയർ ചെയ്യാനും പറഞ്ഞുതരാനും കഴിയും. പ്രായത്തിനേക്കാൾ കൂടുതൽ പക്വത ലിബിന് ഉണ്ടെന്നും എനിക്ക് തോന്നിയിട്ടുണ്ട്'', റിമി ടോമി പറഞ്ഞു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

തങ്ങൾ രണ്ടുപേരും ഇതുവരെ വഴക്കിട്ട് ഇരുന്നിട്ടില്ല എന്നായിരുന്നു ലിബിന്റെ പ്രതികരണം. ''ഞങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ 24 മണിക്കൂർ ഒന്നും വേണ്ട, 12 മണിക്കൂറിനുള്ളിൽ അത് പരിഹരിച്ചിരിക്കും. ഒരു മെസേജോ കോളോ അങ്ങോട്ടോ ഇങ്ങോട്ടോ വന്നിരിക്കും, അത് ഒന്നുകിൽ ഞാൻ ആയിരിക്കും, അല്ലെങ്കിൽ റിമി ആയിരിക്കും'', എന്നായിരുന്നു ലിബിന്റെ പ്രതികരണം.

''ലിബിൻ ജനിച്ചുവളർന്നത് മുംബൈയിലെ ഡോംബിവല്ലിയിലാണ്. അതുകൊണ്ടാണ് വിവാഹച്ചടങ്ങുകൾ അവിടെ നടത്താൻ തീരുമാനിച്ചത്. മലയാളിയാണെങ്കിലും മുംബൈയിലാണ് ലിബിൻ വളർന്നത്. എന്നെ പരിചയപ്പെട്ട തിനു ശേഷമാണ് ലിബിൻ മലയാളം സംസാരിച്ചുതുടങ്ങിയതു തന്നെ. ഞാനും ലിബിനും സംസാരിച്ച് തുടങ്ങിയ കഥ പറഞ്ഞാൽ ആരും വിശ്വസിക്കില്ല. മാര്‍ച്ചിലാണ് ലിബിനെ മുംബൈയിൽ വച്ച് പരിചയപ്പെട്ടത്. നേരിട്ട് കാണുന്നതിന് മുമ്പ് തന്നെ ഞങ്ങൾ പരസ്പരം സംസാരിച്ച് ഞങ്ങളുടെ ജീവിതം എന്താകും എന്ന് തിരിച്ചറിഞ്ഞവരാണ്. എല്ലാം മമ്മിയോട് ഞാൻ പറയാറുമുണ്ടായിരുന്നു. പിന്നെ ഏതൊരു അമ്മയ്ക്കും വരുന്നത് പോലെ ഒരു ടെൻഷൻ മമ്മിക്കും ഉണ്ടായിരുന്നു. കാരണം ആളെ ഞാൻ നേരിട്ട് കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല, പെട്ടന്ന് കണ്ടുപിടിച്ചു എന്നൊക്കെയുള്ളതുകൊണ്ട്. പക്ഷെ എന്റെ വിവാഹം നടന്ന് കാണണമെന്നത് മമ്മിയുടെ ഭയങ്കര ആഗ്രഹമായിരുന്നു''.