വെടിവഴിപാട് (2013) എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ശംഭു പുരുഷോത്തമന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, ശാന്തി ബാലചന്ദ്രന്‍, അരുണ്‍ കുര്യന്‍, ടിനി ടോം, ശ്രിന്ദ, മധുപാല്‍, അനുമോള്‍, അലന്‍സിയര്‍ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.

പ്രമുഖ പബ്ലിസിറ്റി ഡിസൈനിംഗ് സ്ഥാപനമായ ഓള്‍ഡ്മങ്ക്‌സിലെ, ഈയിടെ അന്തരിച്ച ലീഡ് ഡിസൈനര്‍ മഹേഷാണ് ചിത്രത്തിന്റെ പുറത്തെത്തിയ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. അതിനെക്കുറിച്ച് 'ഓള്‍ഡ്മങ്ക്‌സി'ന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇങ്ങനെ പറയുന്നു- 'മഹേഷിന്, വ്യക്തിപരമായി ഏറ്റവും പ്രിയപ്പെട്ട വര്‍ക്ക്. പെയിന്റിങ്ങില്‍ ബിരുദധാരിയായ മഹേഷിന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രകാരന്മാരില്‍ ഒരാള്‍ ആയിരുന്നു, ഡച്ച് ആര്‍ട്ടിസ്റ്റ് ആയ പീറ്റര്‍ ബ്രൂഗല്‍. അദ്ദേഹത്തിന്റെ അതിപ്രശസ്തമായ ' ദി ടവര്‍ ഓഫ് ബാബേല്‍' എന്ന ചിത്രത്തിന്റെ ഒരു ഭാഗമാണ് മഹേഷ് ഈ പോസ്റ്റര്‍ ഡിസൈനിന്റെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് പുറത്തു വരുന്നതില്‍ വളരെയധികം excited ആയിരുന്നു മഹേഷ്. നിര്‍ഭാഗ്യവശാല്‍ ഇത് റിലീസ് ചെയ്യുമ്പോള്‍ ഞങ്ങളുടെ 'മക്കാലി' ഇല്ല. അവന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഞങ്ങള്‍ ഇത് സമര്‍പ്പിക്കുന്നു.'

ടൊവീനോ തോമസ് ആണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ ആണ് നിര്‍മ്മാണം. സംവിധായകന്റേത് തന്നെയാണ് രചന. ഛായാഗ്രഹണം ജോമോന്‍ തോമസ്. സംഗീതം പ്രശാന്ത് പിള്ള. കലാസംവിധാനം അജി അടൂര്‍. നവംബര്‍ റിലീസ്.