സണ്ണി വെയ്ന്‍ നിര്‍മ്മിച്ച് നിവിന്‍ പോളി നായകനാവുന്ന 'പടവെട്ട്' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. കൈയില്‍ അരിവാളേന്തി തീക്ഷ്‍ണമായ മുഖത്തോടെയിരിക്കുന്ന നായകനാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. "സംഘര്‍ഷം... പോരാട്ടം... അതിജീവനം... മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്നു കൊണ്ടേയിരിക്കും...", പോസ്റ്റര്‍ അവതരിപ്പിച്ചതിനൊപ്പം നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചു.

സണ്ണി വെയ്‍ന്‍ പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രമാണ് ഇത്. നവാഗതനായ ലിജു കൃഷ്‍ണയാണ് സംവിധാനം. നേരത്തെ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച 'മൊമെന്‍റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്' എന്ന നാടകത്തിന്‍റെ സംവിധാനവും ലിജു കൃഷ്‍ണ ആയിരുന്നു. ദേശീയതലത്തില്‍ നിരവധി പുരസ്‍കാരങ്ങള്‍ ലഭിച്ച നാടകമായിരുന്നു ഇത്. 'അരുവി' എന്ന തമിഴ് ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് നായിക. മഞ്ജു വാര്യര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  

ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനഗിരി തങ്കരാജ്, ബാലന്‍ പാറയ്ക്കല്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ദീപക് ഡി മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ  വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു. ബിബിന്‍ പോളാണ് എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദലിയും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വ്വഹിക്കുന്നു. സുഭാഷ്‌ കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്സ്‌ സേവിയര്‍ മേക്ക്അപ്പും നിര്‍വഹിക്കുന്നു. ജാവേദ്‌ ചെമ്പാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, വിഎഫ്എക്സ് മൈന്‍ഡ്സ്റ്റെയിന്‍ സ്റ്റുഡിയോസ്, പരസ്യകല ഓള്‍ഡ്‌മങ്ക്സ്. നിലവിലെ കോവിഡ് സാഹചര്യം മാറിയാല്‍ ചിത്രം അവസാനഘട്ട ജോലികളിലേക്ക് കടക്കും.