നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിലെ നിവിന്റെ മാസ്സ് ലുക്ക്‌ ഇതിനോടകം ആരാധകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു.

സിനിമാ പ്രേമികളുടെ പ്രിയ താരം നിവിൻ പോളിയുടെ പിറന്നാൾ ദിനത്തിൽ 'പടവെട്ട്' ലൊക്കേഷന്‍ വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഏതാനും രം​ഗങ്ങൾ കോർത്തിണക്കിയ വീഡിയോ ആണ് റിലീസ് ചെയ്തത്. ഉത്സവപ്പറമ്പിലെ ആൾക്കൂട്ടവും സങ്കർഷ രം​ഗങ്ങളുടെ പിന്നാമ്പുറ കാഴ്ച്ചകളുമാണ് വീഡിയോയിൽ. സണ്ണി വെയ്‍ന്‍ പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രമാണ് ഇത്. 

നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിലെ നിവിന്റെ മാസ്സ് ലുക്ക്‌ ഇതിനോടകം ആരാധകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. നേരത്തെ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച 'മൊമെന്‍റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്' എന്ന നാടകത്തിന്‍റെ സംവിധാനവും ലിജു കൃഷ്‍ണ ആയിരുന്നു. ദേശീയതലത്തില്‍ നിരവധി പുരസ്‍കാരങ്ങള്‍ ലഭിച്ച നാടകമായിരുന്നു ഇത്. 

'അരുവി' എന്ന തമിഴ് ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് നായിക. മഞ്ജു വാര്യര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനഗിരി തങ്കരാജ്, ബാലന്‍ പാറയ്ക്കല്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ദീപക് ഡി മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു. ബിബിന്‍ പോളാണ് എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദലിയും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വ്വഹിക്കുന്നു.