ചലച്ചിത്ര താരം സണ്ണി വെയിന്റെ നിര്‍മ്മാണത്തില്‍ നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പടവെട്ട്. നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റെക്കോര്‍ഡിംഗ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. 96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് വസന്തയാണ് പടവെട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്സ് എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി. മായാനദി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അന്‍വര്‍ അലിയാണ് ഗാനരചയിതാവ്. വളരെ വ്യത്യസ്തമായ ഒട്ടനവധി ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് പടവെട്ട് അണിയറയില്‍ ഒരുങ്ങുന്നത്. ഷഹബാസ് അമന്‍, ആന്‍ അമീ, ഭാവന, അനുശ്രീ എന്നവരും നാടന്‍പാട്ടുകളിലൂടെ ശ്രദ്ധേയരായ സി.ജെ. കുട്ടപ്പന്‍, സുനില്‍ മത്തായി തുടങ്ങിയവരും ചിത്രത്തില്‍ പാടുന്നു. 

മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകത്തിനു ശേഷം സണ്ണി വെയ്‌നും  ലിജു കൃഷ്ണയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അരുവി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് നായിക. മഞ്ജു വാരിയര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ  വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു. ബിബിന്‍ പോളാണ് എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ.