രൺവീർ സിംഗ് നായകനായ 'ധുരന്ദർ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി വൈറലായി. ഡിസംബർ 5-ന് റിലീസ് ചെയ്യുന്ന ചിത്രം പാകിസ്ഥാനെ പശ്ചാത്തലമാക്കിയുള്ള ഒരു ചാരപ്രവർത്തി ചിത്രമാണ്, എന്നാൽ തായ്‌ലൻഡിലാണ് ചിത്രീകരിച്ചത്.

മുംബൈ: ബോളിവുഡ് സൂപ്പർതാരം രൺവീർ സിംഗ് നായകനായി എത്തുന്ന 'ധുരന്ദർ' ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് എത്തിയത്. ഇതിന് പിന്നാലെ ഈ ടീസര്‍ ശരിക്കും വൈറലായി. ചാരപ്രവര്‍ത്തിയും ആക്ഷനും എല്ലാം ചേരുന്ന ചിത്രം ഡിസംബർ 5-ന് തിയേറ്ററുകളിൽ എത്തും. 'ഉറി: ദി സർജിക്കൽ സ്‌ട്രൈക്ക്' എന്ന ചിത്രത്തിന്റെ സംവിധായകൻ ആദിത്യ ധർ ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. രൺവീർ സിംഗിന്റെ 40-ാം ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്‍റെ ടീസര്‍ ഇറക്കിയത്.

'ധുരന്ദർ'ന്റെ കഥ പാകിസ്ഥാനെ പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നതെങ്കിലും, ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് തായ്‌ലൻഡിലാണ് എന്നാണ് വിവരം. ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നതനുസരിച്ച്, "പാകിസ്ഥാന്റെ പശ്ചാത്തലം ആവശ്യമായിരുന്ന നിരവധി രംഗങ്ങൾ തായ്‌ലൻഡിൽ ചിത്രീകരിച്ചു. എന്നാൽ, ഷൂട്ടിംഗ് ലൊക്കേഷൻ പാകിസ്ഥാനെ പോലെ തന്നെ കൃത്യമായി പ്രതിഫലിപ്പിക്കാൻ നിർമ്മാതാക്കൾ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയി‍ട്ടുണ്ട്. ടീസറിലെ ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്."

തായ്‌ലൻഡ് കടലും ബീച്ചുകളും മാത്രമല്ല, മറ്റനേകം ഭൂപ്രകൃതികളും ഉള്ള നാടാണ്. ആദ്യമായാണ് ആ സ്ഥലങ്ങള്‍ ഒരു ബോളിവുഡ് ചിത്രം ഉപയോഗിക്കുന്നത്. തായ്‌ലൻഡ് സർക്കാർ നിർമ്മാണ സംഘത്തിന് മികച്ച സൗകര്യങ്ങളും സഹകരണവും നൽകിയെന്നും വൃത്തങ്ങൾ വെളിപ്പെടുത്തി.

'ധുരന്ദർ' ഒരു മൾട്ടി-സ്റ്റാർ ചിത്രമാണ്, റൺവീർ സിംഗിനൊപ്പം സഞ്ജയ് ദത്ത്, ആർ. മാധവൻ, അക്ഷയ് ഖന്ന, അർജുൻ രാംപാൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ റൺവീർ സിംഗിന്റെ കഥാപാത്രം ഒരു രഹസ്യ ഏജന്റായാണ് എന്ന സൂചനയാണ് നല്‍കുന്നത്.

ചിത്രത്തിൽ റൺവീർ സിംഗിന്റെ നായികയായി എത്തുന്നത് 20 വയസ്സുള്ള സാറാ അർജുൻ ആണ്. മുൻപ് ബാലതാരമായി ശ്രദ്ധേയയായ താരം. 'ജയ് ഹോ', 'പൊന്നിയിൻ സെൽവൻ' തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത സാറാ 'ധുരന്ദർ'ലൂടെ ബോളിവുഡിൽ തന്റെ ആദ്യ നായിക വേഷത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്.