Asianet News MalayalamAsianet News Malayalam

ആ ആന നടന്നത് പ്രസൂണിന് മുന്നിലൂടെയല്ല; 'പാല്‍തു ജാന്‍വര്‍' വിഎഫ്എക്സ് ബ്രേക്ക് ഡൗണ്‍ വീഡിയോ

എഗ്ഗ് വൈറ്റ് വിഎഫ്എക്സ് എന്ന കമ്പനിയാണ് ചിത്രത്തിന്‍റെ വിഷ്വല്‍ എഫക്റ്റ്സ് വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത്

palthu janwar vfx breakdown video basil joseph bhavana studios
Author
First Published Sep 18, 2022, 8:30 PM IST

വിഷ്വല്‍ എഫക്റ്റ്സ് എന്നു കേള്‍ക്കുമ്പോള്‍ ഭൂരിഭാഗം സിനിമാപ്രേമികളുടെയും മനസിലേക്ക് ആദ്യമെത്തുക ബിഗ് ബജറ്റ് ചിത്രങ്ങളാവും. എന്നാല്‍ കാന്‍വാസിന്‍റെ വലുപ്പച്ചെറുപ്പം പരിഗണിക്കാതെ രംഗങ്ങളുടെ മികവിനായി സംവിധായകര്‍ക്ക് ആശ്രയിക്കാവുന്ന തരത്തില്‍ വിഷ്വല്‍ എഫക്റ്റ്സ് മേഖല വളര്‍ന്നിട്ടുണ്ട്. മികവോടെ ഉപയോഗിക്കുന്നപക്ഷം ഒറിജിനലിനെയും വെല്ലുന്ന കാഴ്ചകള്‍ നാം പല ചിത്രങ്ങളിലും കാണാറുമുണ്ട്. ഏറ്റവും മികവാര്‍ന്ന രീതിയില്‍ വിഎഫ്എക്സ് സമീപകാലത്ത് ഉപയോഗിക്കപ്പെട്ട ഒരു മലയാള ചിത്രം പാല്‍തു ജാന്‍വര്‍ ആണ്. ഒരു ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ കേന്ദ്ര കഥാപാത്രമായ ചിത്രത്തില്‍ മൃഗങ്ങള്‍ ഉള്‍പ്പെടുന്ന നിരവധി രംഗങ്ങള്‍ ഉണ്ടായിരുന്നു. അവയില്‍ പലതും സിനിമയില്‍ അതീവ പ്രാധാന്യമുള്ളതുമായിരുന്നു. നാം കണ്ട രംഗങ്ങളില്‍ പലതും വിഎഫ്എക്സില്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന വിസ്മയം പകരുന്നതാണ് അണിയറക്കാര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ബ്രേക്ക് ഡൗണ്‍ വീഡിയോ.

മൃഗങ്ങളുടെ രംഗങ്ങള്‍ക്കൊപ്പം സ്റ്റാന്‍റ് വച്ച ഒരു ബൈക്ക് മറിഞ്ഞു വീഴുന്നതും ബസ് യാത്ര ചെയ്യുന്ന കേന്ദ്ര കഥാപാത്രം ഒരു തെങ്ങിന് ഇടിവെട്ടേല്‍ക്കുന്നത് കാണുന്നതുമടക്കമുള്ള നിരവധി രംഗങ്ങള്‍ ചിത്രത്തില്‍ വിഎഫ്എക്സിനാല്‍ സൃഷ്ടിക്കപ്പെട്ടവയാണ്. എഗ്ഗ് വൈറ്റ് വിഎഫ്എക്സ് എന്ന കമ്പനിയാണ് ചിത്രത്തിന്‍റെ വിഷ്വല്‍ എഫക്റ്റ്സ് വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത്. ചിത്രത്തിലെ നാനൂറില്‍ അധികം ഷോട്ടുകളില്‍ വിഎഫ്എക്സിന്‍റെ സാന്നിധ്യമുണ്ട്. അതില്‍ ഭൂരിഭാഗവും മൃഗങ്ങളും പക്ഷികളും മറ്റു ജീവിവര്‍ഗ്ഗങ്ങളുമൊക്കെ ഉള്‍പ്പെടുന്നവയുമാണ്. തൌഫീക്ക് ഹുസൈന്‍ ആണ് ചിത്രത്തിന്‍റെ വിഎഫ്എക്സ് സൂപ്പര്‍വൈസര്‍, പോള്‍ ജെയിംസ്, ഷാലിഖ് കെ എസ് എന്നിവരാണ് അസോസിയേറ്റ് സൂപ്പര്‍വൈസര്‍മാര്‍, വിഎഫ്എക്സ് കോഡിനേറ്റര്‍ അര്‍ഷാദ് എസ്. 

ALSO READ : ഫൈനല്‍ ബോക്സ് ഓഫീസില്‍ ഒന്നാമത് ആര്? ആര്‍ആര്‍ആറോ കെജിഎഫോ?

കുമ്പളങ്ങി നൈറ്റ്സ്, ജോജി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മ്മിച്ച പാല്‍തു ജാന്‍വര്‍ സംവിധാനം ചെയ്‍തത് നവാഗതനായ സംഗീത് പി രാജന്‍ ആണ്. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ പ്രസൂണ്‍ ആണ് ബേസിലിന്‍റെ നായക കഥാപാത്രം. ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

Follow Us:
Download App:
  • android
  • ios