Asianet News MalayalamAsianet News Malayalam

Aishwarya Rai Bachchan : പാനമ പേപ്പർ കേസ്: ഐശ്വര്യ റായ് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരായി

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതിന് പിന്നാലെ ഐശ്വര്യ റായ് ഇഡി ഓഫീസിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

panama papers case aishwarya rai appears before investigating officers
Author
Delhi, First Published Dec 20, 2021, 2:41 PM IST

ദില്ലി: പനാമ പേപ്പർ (Panama Papers) വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ബോളിവു‍ഡ് നടി ഐശ്വര്യ റായ് (Aishwarya Rai) അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതിന് പിന്നാലെ ഐശ്വര്യ റായ് ഇഡി ഓഫീസിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച കേസിലാണ് മുൻ ലോകസുന്ദരിയെ കേന്ദ്ര അന്വേഷണ ഏജൻസി ചോദ്യം ചെയ്യുക.

പനാമ പേപ്പർ കേസ് അന്വേഷിക്കുന്ന ഇഡി, ആദായനികുതി വകുപ്പ് അടക്കം വിവിധ ഏജൻസികളുടെ ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക സംഘമാണ് ഐശ്വര്യ റായിക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയത്. ദില്ലിയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് എത്തണമെന്നായിരുന്നു നോട്ടീസ്. ഇത് മൂന്നാം തവണയാണ് ഐശ്വര്യക്ക് ഇഡി നോട്ടീസ് നല്‍കുന്നത്. രണ്ട് തവണ കേസുമായി ബന്ധപ്പെട്ട് ഐശ്വര്യ റായ്ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഒരു മാസം മുമ്പ് അഭിഷേക് ബച്ചനും ഇ ഡി ഓഫീസിലെത്തിയിരുന്നു. ചില രേഖകളും ഇവര്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. അമിതാഭ് ബച്ചനേയും ഇഡി വിളിപ്പിക്കുമെന്നാണ് പുറത്ത് വരുന്നു റിപ്പോർട്ടുകൾ. 2004 മുതലുള്ള വിദേശനിക്ഷേപങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ 2017 ല്‍ ബച്ചന്‍ കുടുംബത്തോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന അമിതാഭ് ബച്ചൻ പ്രതികരിച്ചിരുന്നു.  

നികുതി വെട്ടിച്ച പണം വിവിധ ബിനാമി പേപ്പർ കമ്പനികളിൽ നിക്ഷേപിച്ച് വെളുപ്പിച്ചെന്നാണ് ആരോപണം. പാനമ പേപ്പർ രേഖകളിൽ ലോക നേതാക്കളും രാഷ്ട്രീയപ്രമുഖരും ഇന്ത്യയില്‍ നിന്നുള്ള ബോളിവുഡ് താരങ്ങളും, കായിക താരങ്ങളും ഉൾപ്പെട്ടിരുന്നു. 2016 ൽ ഇതുമായി ബന്ധപ്പട്ട്  1048 ഇന്ത്യക്കാരുടെ പേരുകളാണ് പുറത്ത് വന്നത്. കേരളത്തിലെ 9 മേൽവിലാസങ്ങും ഇതിലുണ്ടായിരുന്നു. മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഐസിഐജെയാണിത് ഇതുസംബന്ധിച്ച പുറത്ത് വിട്ടത്. വെളിപ്പെടുത്തലുകൾ ഇന്ത്യയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios