ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ മരണത്തെത്തുടര്‍ന്ന് ആരംഭിച്ച ചര്‍ച്ചകള്‍ക്ക് ഒരു മാസം പിന്നിടുമ്പോഴും അവസാനമായിട്ടില്ല. ബോളിവുഡിന്‍റെ 'സ്വജനപക്ഷപാതം' സുശാന്തിലെ കഴിവുള്ള അഭിനേതാവിന് അവസരങ്ങള്‍ നിഷേധിച്ചിരുന്നുവെന്നും അത് അദ്ദേഹത്തെ വിഷാദത്തിലാക്കിയിരുന്നുവെന്നും അതായിരിക്കാം ആത്മഹത്യയ്ക്ക് പിന്നിലെന്നുമൊക്കെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ചര്‍ച്ചകളും പൊലീസ് അന്വേഷണവുമൊക്കെ പുരോഗമിക്കുമ്പോള്‍ സുശാന്തിന്‍റെ 'ആത്മാവു'മായി ആശയവിനിമയം നടത്തിയെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് സ്റ്റീവ് ഹഫ് എന്നയാള്‍.

'പാരാനോര്‍മല്‍ എക്സ്പേര്‍ട്ട്' എന്ന് സ്വയം പരിചയപ്പെടുത്തുന്ന സ്റ്റീവ് ഹഫിന് ഒരു യുട്യൂബ് ചാനലും ഉണ്ട്. സുശാന്തിന്‍റെ സിനിമകളൊന്നും കണ്ടിട്ടില്ലെന്നും അദ്ദേഹത്തിന്‍റെ നിരവധി ആരാധകര്‍ തന്നെ സമീപിക്കുകയായിരുന്നുവെന്നും സ്റ്റീവ് യുട്യൂബിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. സ്വയം വികസിപ്പിച്ചെടുത്തു എന്നകവാശപ്പെടുന്ന ഒരു ഉപകരണത്തിന്‍റെ മുന്നില്‍ ഇരുന്നുകൊണ്ടാണ് സ്റ്റീവിന്‍റെ സംഭാഷണം. സുശാന്തുമായി നടത്തിയ 'ആശയവിനിമയ'ത്തെക്കുറിച്ച് സ്റ്റീവ് വീഡിയോയില്‍ പറയുന്നത് ഇങ്ങനെ.

"താങ്കള്‍ വെളിച്ചത്തിലാണോ എന്നാണ് ഞാന്‍ ആദ്യം ചോദിച്ചത്. 'തനിക്ക് വെളിച്ചം ലഭിക്കുന്നുണ്ട്' എന്നായിരുന്നു അതിനു മറുപടി. 'കഴിഞ്ഞ രാത്രി കണ്ട വെളിച്ചത്തിലാണ് നിങ്ങള്‍?' എന്ന ചോദ്യത്തിന് 'അതെ, ഞാന്‍ അതില്‍ ഉണ്ടായിരുന്നു' എന്ന് മറുപടി. 'എങ്ങനെയാണ് മരണപ്പെട്ടതെന്ന് ഓര്‍ക്കുന്നുണ്ടോ' എന്ന ചോദ്യത്തിന് 'അവരത് എല്ലാം ഡോക്ടര്‍മാര്‍ക്ക് വിടും' എന്നാണ് മറുപടി ലഭിച്ചത്", സ്റ്റീഫ് ഹഫ് പറയുന്നു.

മരണപ്പെട്ട വ്യക്തികളുമായി കഴിഞ്ഞ പത്ത് വര്‍ഷമായി താന്‍ ആശയവിനിമയം നടത്താറുണ്ടെന്നാണ് ഇദ്ദേഹത്തിന്‍റെ അവകാശവാദം. സ്റ്റീവ് ഹഫിന്‍റെ 'ഹഫ് പാരാനോര്‍മല്‍' എന്ന യുട്യൂബ് ചാനലിന് 11 ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്‍സ് ഉണ്ട്. സുശാന്തുമായി ആശയവിനിമയം നടത്തി എന്നവകാശപ്പെടുന്ന രണ്ട് വീഡിയോകളാണ് ഈ ചാനല്‍ വഴി പുറത്തുവിട്ടിരിക്കുന്നത്. നാല് ദിവസങ്ങള്‍ക്കു മുന്‍പ് പുറത്തെത്തിയ വീഡിയോയ്ക്ക് ഇതിനകം 13 ലക്ഷത്തിലേറെ കാഴ്‍ചകള്‍ ലഭിച്ചിട്ടുണ്ട്.