ഹേര ഫേരി 3 ൽ നിന്ന് പരേഷ് റാവൽ പിന്മാറുന്നതായി സ്ഥിരീകരിച്ചു. എന്നാൽ, ഐക്കണിക് റോളിലേക്ക് റാവൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നു.

ദില്ലി:  ഹേര ഫേരി എന്ന ചിത്രം മലയാളത്തിലെ ഹിറ്റ് ചിത്രം റാഞ്ചിറാവു സ്പീക്കിംഗിനെ അടിസ്ഥാനമാക്കി ഹിന്ദിയില്‍ പ്രിയദര്‍ശന്‍ എടുത്ത ചിത്രമാണ്. ഇതിന്‍റെ ഒരു രണ്ടാം ഭാഗവും വന്നിരുന്നു. ഈ സീരിസില്‍‌ പരേഷ് റാവലിന്റെ ഐക്കണിക് കഥാപാത്രമായ ബാബുറാവു ഗണപത് റാവു ആപ്തെ അതായത് മലയാളത്തിലെ മാന്നാര്‍ മത്തായിക്ക് സമാനമായ റോളിന് ബോളിവുഡില്‍ വലിയ ഫാന്‍ ബേസ് തന്നെയുണ്ട്.

2025 ജനുവരി 31 ന്, ഹേര ഫേരി 3ക്ക് വേണ്ടി ശ്രമങ്ങള്‍ നടക്കുന്നതായി സംവിധായകൻ പ്രിയദർശൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. മൂന്നാം ഭാഗത്തിൽ ചിത്രത്തിലെ ഹിറ്റ് ത്രയം - അക്ഷയ് കുമാർ, പരേഷ് റാവൽ, സുനിൽ ഷെട്ടി എന്നിവർ തിരിച്ചെത്തയേക്കുംഎന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ ആവേശം വർദ്ധിപ്പിച്ചിരുന്നു.

എന്നാൽ ഇപ്പോൾ പരേഷ് റാവൽ ഹേര ഫേരി 3 ൽ നിന്ന് പിന്മാറുന്നതായി സ്ഥിരീകരിച്ചു. "അതെ, അത് ഒരു വസ്തുതയാണ്" എന്നാണ്  ഹേര ഫേരി 3 യില്‍ നിന്നും പിന്‍മാറിയോ എന്ന ചോദ്യത്തിന് നടൻ ബോളിവുഡ് ഹംഗാമയോട് പറഞ്ഞത്.

അതേ സമയം തന്‍റെ ഐക്കോണിക് റോളിലേക്ക് പരേഷ് റാവല്‍ തിരിച്ചെത്തും എന്നാണ് ബോളിവുഡിലെ ചിത്രവുമായി അടുത്ത ചില വൃത്തങ്ങളെ ഉദ്ധരിച്ച്  ബോളിവുഡ് ഹംഗാമ പറയുന്നത്

"2022 ൽ അക്ഷയ് കുമാർ സിനിമകള്‍ ഒന്നും വിജയിക്കാത്ത കാലം ഉണ്ടായിരുന്നു. ഹേര ഫേരി  പരമ്പരയുടെ ആത്മാവ് അക്ഷയ് കുമാര്‍ ആണ് അദ്ദേഹം അന്ന് ഈ പടം ചെയ്യില്ലെന്ന് തീരുമാനിച്ചു, അദ്ദേഹത്തിന്റെ പിന്മാറ്റം നിരാശയുണ്ടാക്കി. പക്ഷേ ഭാഗ്യവശാൽ, അദ്ദേഹം ഫ്രാഞ്ചൈസിയിലേക്ക് വീണ്ടും മടങ്ങി എത്തി. അത് പോലെ തന്നെ റാവലിനെയും തിരിച്ചെത്തിക്കാന്‍ സാധിക്കും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്".

2000 ത്തിലാണ് ഹേരാ ഫേരി ആദ്യമായി തിയേറ്ററുകളിൽ റിലീസ് ചെയ്തത്. തുടർന്ന് 2006 ൽ ഫിർ ഹേരാ ഫേരി പുറത്തിറങ്ങി. സോഷ്യൽ മീഡിയ വളര്‍ന്നതോടെ രണ്ട് ഹേരാ ഫേരി ചിത്രങ്ങളും നിരവധി കോമഡി ക്ലിപ്പുകൾ ഓൺലൈനിൽ മീംസ് ആയും മറ്റും വന്ന് തുടങ്ങി. പ്രത്യേകിച്ച്ബാബുറാവു എന്ന കഥാപാത്രത്തിന്‍റെത്.