അക്ഷയ് കുമാറിനെ സുഹൃത്തല്ലെന്നും സഹപ്രവർത്തകൻ മാത്രമാണെന്നും പരേഷ് റാവൽ അടുത്തിടെ പറഞ്ഞത് വാർത്തകളിൽ നിറഞ്ഞിരുന്നു. 

മുംബൈ: ബോളിവുഡിലെ ഒരു കാലത്തെ ഹിറ്റ് കോംബോയാണ് അക്ഷയ് കുമാറും, പരേഷ് റാവലും. നിരവധി ഹിറ്റ് സിനിമകള്‍ ഇവരുടെതായി ഉണ്ട്. എന്നാല്‍ ഇരുവരും അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഒരു അഭിമുഖത്തില്‍ അക്ഷയ് കുമാർ ഒരു സുഹൃത്തല്ലെന്നും ഒരു സഹപ്രവർത്തകൻ മാത്രമാണെന്നും നടൻ പരേഷ് റാവൽ അടുത്തിടെ പറഞ്ഞതാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. 

ഹേരാ ഫേരി, വെൽക്കം, ഓ മൈ ഗോഡ് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ള സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പ്രസ്താവന ചില അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു എന്നതാണ് നേര്. 

എന്നാല്‍ താന്‍ പറഞ്ഞത് എന്താണ് എന്ന് വിശദീകരിക്കുകയാണ് പരേഷ് റാവല്‍. ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ പരേഷ് റാവല്‍ പറയുന്നത് ഇതാണ്, " അക്ഷയ് കുമാറിനെ ഒരു അഭിമുഖത്തില്‍ സഹപ്രവര്‍ത്തകന്‍ എന്ന് പറഞ്ഞത് എനിക്ക് തന്നെ ടെന്‍ഷന്‍ ഉണ്ടാക്കി. നിങ്ങള്‍ക്ക് സുഹൃത്ത് എന്ന് പറയുമ്പോള്‍ ഒരു 5-6 തവണ ആഴ്ചയില്‍ കണ്ടുമുട്ടുന്ന സംസാരിക്കുന്ന വ്യക്തിയല്ലെ. എന്നാല്‍ ഞാനും അക്ഷയും സാമൂഹികമായി അങ്ങനെ ബന്ധപ്പെടുന്നില്ല. എന്നാല്‍ ഞങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിയിലോ മറ്റോ കാണാറുണ്ട്. അതിനാലാണ് ഞാന്‍ സഹപ്രവര്‍ത്തകന്‍ എന്ന് വിളിച്ചത്. അതോടെ ആളുകള്‍ 'നിങ്ങള്‍ക്കിടയില്‍ എന്തു പറ്റി' എന്ന് ചോദിക്കാന്‍ തുടങ്ങി. ഇത്തരത്തില്‍ ചോദിച്ചാല്‍ ഒന്നും സംഭവിച്ചില്ലെന്നാണ് മറുപടി". 

അക്ഷയ് പരേഷ് റാവല്‍ ഈ പരാമര്‍ശം നടത്തിയ അഭിമുഖം കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ, പരേഷ് പറഞ്ഞു "ഇല്ല. അദ്ദേഹം വളരെ കൂളാണ്. അക്ഷയും ഞാനും കുറഞ്ഞത് 15-20 സിനിമകളിലെങ്കിലും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം സുഹൃത്താക്കാന്‍ പറ്റിയ ആള്‍ തന്നെയാണ്".

അതേ സമയം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഭൂത്ബംഗ്ല എന്ന ചിത്രത്തില്‍ അക്ഷയ് കുമാറും പരേഷ് റാവലും ഇപ്പോള്‍ ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ തബു ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് എന്നാണ് വിവരം. അതേ സമയം അഭിമുഖങ്ങളില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുമെന്നും, അല്ലെങ്കില്‍ ആളുകള്‍ അഭ്യൂഹം ഉണ്ടാക്കുമെന്നും പരേഷ് റാവല്‍ ഇതേ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.