സിനിമയിലെ വനിത സംഘടനയായ ഡബ്ല്യുസിസിയില്‍ നിന്ന് അടുത്തിടെ സംവിധായിക വിധു വിൻസെന്റ് രാജിവെച്ചിരുന്നു. എന്തുകൊണ്ടാണ് സംഘടനയില്‍ നിന്ന് രാജിവെച്ചത് എന്നും വിധു വിൻസെന്റ് വ്യക്തമാക്കിയിരുന്നു. ഇത് വിവാദമായിരുന്നു. നടി പാർവതി, റിമ കല്ലിങ്കൽ, തിരക്കഥാകൃത്ത് ദീദി ദാമോദരൻ എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടാണ് വിധുവിന്റെ വിമർശനം. ദീദിക്ക് എതിരെ രൂക്ഷമായ വിമര്‍ശനവും വിധു വിൻസെന്റ് ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പരോക്ഷമായി പ്രതികരിച്ച് നടി പാര്‍വതി സാമൂഹ്യ മാധ്യമത്തില്‍ എത്തിയിരിക്കുന്നു.

ആല്‍ബര്‍ട്ട് കാമുസിന്റെ വരികള്‍ കുറിച്ചുകൊണ്ടാണ് പാര്‍വതി തന്റെ നിലപാട് വ്യക്തമാക്കിയത്. ഡബ്ല്യുസിസി എന്ന് എഴുതിയ ചിത്രം തന്റെ ഫേസ്‍ബുക്ക് പേജിന്റെ കവർഫോട്ടോയായി പാര്‍വതി മാറ്റി. ശീതകാലത്തിന്റെ മരവിപ്പിക്കുന്ന തണുപ്പിലാണ് എന്റെ ഉള്ളിലെ ആരാലും കീഴ്പ്പെടുത്താനാകാത്ത വേനലിനെ ഞാന്‍ കണ്ടെത്തിയത് ഇതാണ് എന്റെ സന്തോഷം. കാരണം ഈ ലോകം മുഴുവന്‍ എന്നെ തളര്‍ത്താന്‍ ശ്രമിച്ചാലും അതിനേക്കാളൊക്കെ കരുത്തുള്ള ഒന്ന് എന്റെ ഉള്ളില്‍ തന്നെയുണ്ട്, എന്തിനോടും പൊരുതാന്‍ കരുത്തുള്ള ഒന്ന് എന്ന ആല്‍ബര്‍ട്ട് കാമുവിന്റെ വരികളും പാര്‍വതി കുറിച്ചു.ആര്‍ക്കും തോല്‍പ്പിക്കാനാകാത്ത എന്റെ വേനല്‍ ഡബ്ല്യുസിസി എന്നും പാര്‍വതി പറയുന്നു.