Asianet News MalayalamAsianet News Malayalam

'വീഴുന്നത് ഞാനല്ല, നിങ്ങളാണ്'; തനിക്കെതിരെ തുടരുന്ന സൈബര്‍ ആക്രമണങ്ങളില്‍ പാര്‍വ്വതി

അവര്‍ കാന്‍സല്‍ കള്‍ച്ചറിന്‍റെ ഭാഗമാവുകയാണെന്നും എന്നാല്‍ തനിക്ക് അതിനോട് വിജോയിപ്പാണ് ഉള്ളതെന്നും പറയുന്നു പാര്‍വ്വതി.

parvathy  against cyber attack on her
Author
Thiruvananthapuram, First Published Jun 17, 2021, 2:04 PM IST

തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ റാപ്പര്‍ വേടന്‍ മാപ്പ് ചോദിച്ചുകൊണ്ട് എഴുതിയ പോസ്റ്റ് നടി പാര്‍വ്വതി തിരുവോത്ത് ലൈക്ക് ചെയ്‍തത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. സ്ത്രീകള്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് എപ്പോഴും പറയാറുള്ള പാര്‍വ്വതി എന്തുകൊണ്ട് ഇത്തരമൊരു പോസ്റ്റിന് ലൈക്ക് നല്‍കിയെന്നും മാപ്പ് ചോദിച്ചാല്‍ അവസാനിക്കുന്നതാണോ ലൈംഗികാരോപണങ്ങളെന്നുമായിരുന്നു വിമര്‍ശകരുടെ ചോദ്യം. പ്രസ്‍തുത ലൈക്ക് പാര്‍വ്വതി പിന്നീട് പിന്‍വലിക്കുകയും മാപ്പ് ചോദിച്ച് വിശദീകരണവുമായി എത്തുകയും ചെയ്‍തിരുന്നു. എന്നാല്‍ പിന്നീടും ഇക്കാരണം പറഞ്ഞ് തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പാര്‍വ്വതി. അവര്‍ കാന്‍സല്‍ കള്‍ച്ചറിന്‍റെ ഭാഗമാവുകയാണെന്നും എന്നാല്‍ തനിക്ക് അതിനോട് വിജോയിപ്പാണ് ഉള്ളതെന്നും പറയുന്നു പാര്‍വ്വതി.

പാര്‍വ്വതി തിരുവോത്ത് പറയുന്നു

"ഇത് ആദ്യമായല്ല, അവസാനത്തേതുമാവില്ല. എന്‍റെ നേര്‍ക്കുള്ള നിങ്ങളുടെ സുനിശ്ചിതമായ വെറുപ്പും ഒരു പൊതുവിടത്തില്‍ എന്‍റെ വ്യക്തിത്വത്തെ തകര്‍ത്തുകളയുമ്പോഴുള്ള ഈ സന്തോഷവും ഞാന്‍ ആരാണ് എന്നതിലുപരി നിങ്ങളുടെ പ്രശ്‍നങ്ങളെയാണ് വെളിച്ചത്തു കൊണ്ടുവരുന്നത്. നമ്മള്‍ ഒരു കാര്യത്തിലും യോജിക്കണമെന്നില്ല, പക്ഷേ സംവാദത്തിനും സംഭാഷണത്തിനുമുള്ള മാന്യമായ ഒരിടം നല്‍കാന്‍, വളര്‍ച്ച അനുവദിക്കാന്‍ നിങ്ങള്‍ക്കു കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ 'കാന്‍സല്‍ കള്‍ച്ചറി'ന്‍റെ ഭാഗമാവുകയാണ്.

ഞാന്‍ അതിനുവേണ്ടിയല്ല ഇവിടെയുള്ളത്. എനിക്കും മറ്റുള്ളവര്‍ക്കുമുള്ള ഇടം ഞാന്‍ നല്‍കുന്നുണ്ട്. എന്‍റെതന്നെ കൂടുതല്‍ മികച്ച പതിപ്പ് ആയി മാറാനുള്ള പരിശ്രമത്തില്‍ നിന്ന് ഞാന്‍ ഒരിക്കലും പിന്മാറുകയില്ല. നിങ്ങളുടെ അനുമാനങ്ങളും വിശകലനങ്ങളും വച്ച് (അല്ലെങ്കില്‍ കൊടും വിരോധം) ഒരാളെ വലിച്ചുകീറാന്‍ ഇറങ്ങുമ്പോള്‍, വീഴുന്ന ഒരേയൊരാള്‍ നിങ്ങളാണെന്ന കാര്യം വിസ്‍മരിക്കരുത്", പാര്‍വ്വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Follow Us:
Download App:
  • android
  • ios