കൊച്ചി: പൗരത്വ നിയമ ഭേദഗതി ഉൾപ്പെടെയുള്ള കാര്യത്തില്‍ വ്യക്തമായ അഭിപ്രായവുമായി രംഗത്ത് എത്തിയ താരമാണ് നടി പാർവ്വതി. തന്‍റെ അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ മലയാളത്തിൽ ഏറ്റവുമധികം സൈബർ ആക്രമണങ്ങൾ നേരിട്ട പാര്‍വ്വതി എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ മറുപടി നല്‍കുന്നുണ്ട്. ഇപ്പോളിതാ മതത്തിന്‍റെ പേരിൽ വിമര്‍ശനം നടത്തിയ വ്യക്തിക്ക്  ചുട്ടമറുപടി നൽകിയിരിക്കുകയാണ് നടി.

 "മതം മാറുന്നില്ലേ പാർവ്വതി? തന്റെ പേരിന്റെ ഉത്ഭവം അറിയാമോ? കുറച്ച് ഫാൻസിനെ കിട്ടാൻ ഇത്ര ചീപ്പാവല്ലേ കുട്ടീ. ഇയാൾ മതം മാറിയാൽ ഹിന്ദു മതത്തിന് ഒന്നും സംഭവിക്കില്ല. കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടെ,"- എന്നായിരുന്നു ഒരാൾ പാർവ്വതിക്ക് അയച്ച ഉപദേശം.

എന്നാല്‍ ഈ ഉപദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറീസില്‍ പോസ്റ്റ് ചെയ്ത പാര്‍വതി, എന്നാൽ ഇതിന് മറുപടി നല്‍കി. 'എന്തൊരു ഉത്കണ്ഠ' എന്നെഴുതിയ പാർവ്വതി #buthinduismsafe (പക്ഷെ ഹിന്ദുമതം സുരക്ഷിതമാണ്) എന്ന ഹാഷ്ടാഗും കൂടെ ചേർത്തു.

കഴിഞ്ഞ ദിവസം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും പൗരത്വ നിയമ ഭേദഗതിയുമടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച ബോളിവുഡ് നടന്‍ അനുപം ഖേറിനെ വിമര്‍ശിച്ച് നടി പാര്‍വ്വതി നേരത്തെ രംഗത്ത് എത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ അനുകൂലിച്ച്  അനുപം ഖേര്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരുന്നു. 'അയ്യേ' എന്ന് കുറിച്ചുകൊണ്ടാണ് പാര്‍വ്വതി ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

എല്ലാ ഇന്ത്യക്കാരോടും പറയാനുള്ളത് എന്ന കുറിപ്പോടെയാണ് അനുപം ഖേര്‍ വീഡിയോ പങ്കുവെച്ചത്. ചില ആളുകള്‍ രാജ്യത്തിന്‍റെ അഖണ്ഡതയെ തകര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അത് അനുവദിക്കരുതെന്ന് അനുപം ഖേര്‍ വീഡിയോയില്‍ പറയുന്നു. 'കുറച്ചു നാളുകളായി അത്തരം ആളുകള്‍ സമാനമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അവരാണ് അസഹിഷ്ണുതയുടെ വക്താക്കള്‍. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഇവരുടെ ശ്രമം, അത് തിരിച്ചറിയണം'- അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു.