മിനിസ്ക്രീൻ താരം പാർവതി എസ് അയ്യർ അടുത്തിടെയാണ് വിവാഹിതയായത്. തങ്ങളുടെ പ്രണയകഥയെക്കുറിച്ച് പാർവതി തുറന്നുപറയുകയാണ് പുതിയ അഭിമുഖത്തില്‍
കഴിഞ്ഞ ദിവസമായിരുന്നു മിനിസ്ക്രീൻ താരം പാർവതി എസ് അയ്യരുടെ വിവാഹം. അഡ്വക്കേറ്റ് ആയ അനൂപ് കൃഷ്‍ണൻ ആണ് വരൻ. ആറ്റുകാല്‍ ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. പാർവതിയുടെ വിവാഹത്തോടനുബന്ധിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ തുറന്നു സംസാരിക്കുകയാണ് പാർവതി. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിനു നൽകിയ അഭിമുഖത്തിലാണ് പാർവതിയും അനൂപും വിശേഷങ്ങള്‍ പങ്കുവച്ചത്.
പാര്‍വതി പറയുന്നു
''കല്യാണത്തിന് മുൻപേ തന്നെ ചേട്ടന്റെ ഫാമിലിയുമായി പരിചയമുണ്ടായിരുന്നു. ബെസ്റ്റ് ഫ്രണ്ട്‌സായിരുന്ന സമയത്താണ് പ്രണയത്തിലേക്ക് വഴിമാറുന്നത്. എനിക്കങ്ങനെ പ്രേമിച്ച് നടക്കാനൊന്നും താല്‍പര്യമില്ല. വിവാഹത്തിലേക്ക് കടക്കാം എന്നാണ് ചേട്ടൻ പറഞ്ഞത്. പുള്ളി ഇഷ്ടം പറഞ്ഞപ്പോള്‍ സെയിം വൈബാണ്, എന്നെ അത്രയും നന്നായി മനസിലാക്കുന്ന ആളുമാണ്, പുള്ളിയെ മിസ് ചെയ്യേണ്ടെന്ന് തോന്നി. അങ്ങനെയാണ് വീട്ടില്‍ പറയാന്‍ ആവശ്യപ്പെട്ടത്. അങ്ങനെ എന്നോടുള്ള ഇഷ്ടം വീട്ടുകാരോടാണ് പോയി പറഞ്ഞത്. ഫാമിലിയുടെ പിന്തുണയോടെയാണ് ഞങ്ങളുടെ ബന്ധം തുടങ്ങിയത്. ഞങ്ങളുടെ പ്രൊഫഷനിലും അവര്‍ സപ്പോര്‍ട്ടീവായിരുന്നു. അഭിനയിക്കാന്‍ ഇഷ്ടമാണെന്ന് അനൂപേട്ടന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനൊരു മടിയുണ്ട്. ഒന്ന് ട്രൈ ചെയ്ത് നോക്കൂ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്'', പാർവതി പറഞ്ഞു.
'അഡ്വക്കറ്റ് അഞ്ജലി' എന്ന പരമ്പരയിലാണ് പാര്‍വതി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ ക്യാരക്ടറിനെക്കുറിച്ച് അനൂപിനെ നേരത്തെ അറിയാമായിരുന്നു. വെറൈറ്റി ക്യാരക്ടറല്ലേ, ചെയ്ത് നോക്കൂ എന്നും പറഞ്ഞിരുന്നുവെന്നും പാർവതി പറയുന്നു. ''പാറുവിന്റെ ഏഴാമത്തെ പ്രൊജക്ടറ്റാണ് ഇപ്പോൾ ചെയ്യുന്നത്. എല്ലാത്തിലും ഹീറോയുണ്ടായിരുന്നു. എനിക്കങ്ങനെ പൊസസീവ്‌നെസൊന്നും തോന്നിയിട്ടില്ല. എല്ലാവരെയും എനിക്ക് പരിചയപ്പെടുത്തി തരാറുണ്ട്. ഞാന്‍ ഇടയ്ക്ക് ലൊക്കേഷനിലേക്ക് പോവാറുമുണ്ട്. നന്നായി വരയ്ക്കുന്ന ആൾ കൂടിയാണ് പാർവതി. പാര്‍വതിയോട് എല്ലാം ഷെയര്‍ ചെയ്യാന്‍ പറ്റും. അവളുടെ വരവോടെ ഞാന്‍ കൂടുതല്‍ ഹാപ്പിയായി'', എന്നായിരുന്നു അനൂപിന്റെ പ്രതികരണം.



