അവതാരക അശ്വതി ശ്രീകാന്ത്, 20 വർഷം മുൻപ് വിറ്റ തന്റെ പഴയ വീട് സന്ദർശിച്ചതിനെക്കുറിച്ചുള്ള വൈകാരികമായ ഇൻസ്റ്റാഗ്രാം കുറിപ്പ് പങ്കുവെച്ചു.

മലയാളികൾക്ക് പ്രിയപ്പെട്ട ടെലിവിഷൻ അവതാരകയും അഭിനേത്രിയുമാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. 20 വർഷം മുൻപ് വിറ്റ, ഒരിക്കൽ തനിക്കേറെ പ്രിയപ്പെട്ട വീടിനെക്കുറിച്ചാണ് അശ്വതിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്. വിറ്റു പോയിട്ടും വിട്ട് പോകാത്ത ചിലതുണ്ടെന്നും അങ്ങനെയൊന്നാണിതെന്നും അശ്വതി പറയുന്നു.

''ഒരിക്കൽ നിങ്ങളുടേതായിരുന്ന ഒരിടത്തേക്ക് വർഷങ്ങൾക്കിപ്പുറം കയറി ചെന്നിട്ടുണ്ടോ? എന്നെ ഓർമ്മയില്ലേ എന്ന് ചോദിക്കാൻ പോലുമാവാത്ത വണ്ണം അപരിചിതമായിക്കഴിഞ്ഞ ഒരിടത്തിങ്ങനെ കണ്ണ് നിറഞ്ഞ് നിന്നിട്ടുണ്ടോ? ലില്ലിപുട്ടിലെത്തിയ ഗള്ളിവറിന്റെ കഥ വായിക്കാൻ പണ്ടിരുന്ന അതേ പടിക്കെട്ടിൽ ഇന്ന് ഞാൻ ഗള്ളിവറോളം വളർന്നു നിൽക്കുകയാണ്. ഒരിക്കൽ എന്റേതായിരുന്ന വലിയൊരു ലോകം ഒരു കുഞ്ഞു ലില്ലിപുട്ടായി പരിണമിച്ചിരിക്കുന്നു. വെളുത്ത ലില്ലി ചെടികളും കനകാംബരവും പടർന്നു പൂത്ത മുറ്റത്തിന്റെ ഇറമ്പുകൾ, എന്റെ മുച്ചക്ര സൈക്കിൾ ചവിട്ടിയെത്താൻ ബദ്ധപ്പെട്ട അതിരുകൾ, ആകാശം കൊമ്പിലുയർത്തി നിന്ന കശുമാവുകൾ - എല്ലാം ഒറ്റ രാത്രിയിൽ ചുരുങ്ങിപ്പോയത് പോയത് പോലെ. വിറ്റു പോയിട്ടും വിട്ട് പോകാത്ത ചിലതില്ലേ...അങ്ങനെയൊന്നാണിത് !'', അശ്വതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

View post on Instagram

സെലിബ്രിറ്റികളടക്കം നിരവധിയാളുകൾ അശ്വതിയുടെ പോസ്റ്റിനു താഴെ സമാനമായ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. നടി സ്നേഹ ശ്രീകുമാറും അത്തരത്തിലൊരനുഭവമാണ് പങ്കുവെച്ചത്. ''ചെറിയ പ്രായത്തിൽ വീട് വിറ്റ സങ്കടത്തിൽ എത്രയോ കരഞ്ഞ ദിവസങ്ങൾ.. ചെറുതായതുകൊണ്ട് തന്നെ തീരെ അത് ഉൾക്കൊള്ളാനോ കരച്ചിലടക്കാനോ പറ്റാതെ ആ വീട് നോക്കി, അതിന്റെ മുന്നിൽ പോയി നിന്നിട്ടുണ്ട്.. വീടുവിറ്റിട്ട് ആ നാട്ടിൽ തന്നെ ആയിരുന്നത് കൊണ്ട് അവിടെ പോയി നോക്കി നിക്കും.. അച്ഛന്റെ നേതൃത്വത്തിൽ ഞങ്ങൾ വച്ച തെങ്ങും ,കവുങ്ങും, മാവും, നീന്തൽ പഠിച്ച കുളവും, നന്ദു പശുവിന്റെ തൊഴുത്തും എല്ലാം അന്യമായി നോക്കി നിന്ന ബാല്യം'', എന്നാണ് സ്നേഹ കുറിച്ചത്.

YouTube video player